kpn

കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് ഹൈറേഞ്ചിൽ ഹർത്താലായി മാറി. വ്യാപാരികൾ സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കട്ടപ്പന നഗരത്തിൽ ഏതാനും ചില പെട്ടിക്കടകൾ ഒഴികെ മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാൽ ശബരിമല തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങൾ തടസമില്ലാതെ കടന്നുപോയി. ഏതാനും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ തുറന്ന ഐ.ടി.ഐ. ജംഗ്ഷനിലെ പെട്രോൾ പമ്പ് സമരാനുകൂലികൾ എത്തി അടപ്പിച്ചു. എവിടെയും വാഹനങ്ങൾ തടഞ്ഞില്ല. ജീവനക്കാർ പണിമുടക്കിയതോടെ കെ.എസ്.ആർ.ടി.സി. സർവീസുകളും പൂർണമായി മുടങ്ങി. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ 23 ജീവനക്കാരിൽ ആറുപേർ മാത്രമാണ് ജോലിക്കെത്തിയത്. സി.ഐ.ടി.യു. പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. വി.ആർ. സജി, ടിജി എം.രാജു, ടോമി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

തൊഴിലാളി യൂണിയൻ പണിമുടക് പൂർണം

ചെറുതോണി : പണിമുടക്ക് ജില്ലാ ആസ്ഥാന മേഖലയിൽ പൂർണം .. ഐ.എൻ.റ്റി യു.സി., സി.ഐ.റ്റിയു, എ .ഐ റ്റി.യു.സി. ഉൾപ്പെടെ എല്ലാ തൊഴിലാളി സംഘടകളും പണിമുടക്കിൽ പങ്കാളികളായപ്പോൾ ദേശീയ തലത്തിലുള്ള തൊഴിലാളി സംഘടനയായ ബി.എം.എസ് മാത്രം പണിമുടക്കിൽ നിന്ന് വിട്ടുന്നു. ജില്ലാ ആസ്ഥാന മേഖലയിൽ പൈനാവ്, ചെറുതോണി, തടിയംപാട്, കരിമ്പൻ, കഞ്ഞികുഴി മുരിക്കാശ്ശേരി, തോപ്രാംകുടി, തങ്കമണി തുടങ്ങിയ ടൗണുകൾ നിശ്ചലമായി. പണിമുടക്കിനോട് സഹകരിക്കില്ലന്ന് നേരത്തേ പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയും ഒരിടത്തും കടകൾ തുറന്നില്ല. കെ.എസ്.ആർ ടി.സി ഉൾപ്പെടെ വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ഇത് സാധാരണ ജനങ്ങളുടെ യാത്രയെ സാരമായി ബാധിച്ചു.