തൊടുപുഴ: നാടും നഗരവും നിശ്ചലമാക്കി ദേശീയ പണിമുടക്ക് ഹർത്താലിന് സമാനമായി മാറി. ഒരിടത്തും അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചു. വിദേശികളടക്കം ഭക്ഷണമോ വെള്ളമോ യാത്രാ സൗകര്യങ്ങളോ ഇല്ലാതെ വല‌ഞ്ഞു. ചില ഉൾപ്രദേശങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകളൊന്നും ഓടിയില്ല. ചില സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സർക്കാർ ഓഫീസുകളൊന്നും തന്നെ പ്രവർത്തിച്ചില്ല. തൊടുപുഴ നഗരത്തിൽ ഹർത്താൽ പൂർണമായിരുന്നു. തൊഴിലാളികളും ജീവനക്കാരും ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി മുനിസിപ്പൽ മൈതാനത്തിന് സമീപം സമാപിച്ചു. തുടർന്നു ചേർന്ന തൊഴിലാളി കൂട്ടായ്മ കെ.എസ്‌.കെ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് എൻ.ഐ. ബെന്നി അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, വിവിധ ട്രേഡ് യൂണിയൻ, സംഘടനാ നേതാക്കളായ മുഹമ്മദ് ഫൈസൽ, പി.പി. ജോയി, കെ.പി. റോയി, എ.എസ്. ജയൻ, സി.എസ്. മഹേഷ്, ഡി. അനിൽ, സനിൽ ബാബു, നഹാസ് പി. സലിം, പി.പി. അനിൽകുമാർ, അനിൽ രാഘവൻ, എം.എൻ. അനിൽ, ബാബു മഞ്ഞള്ളൂർ, കെ.ബി. ഉദയകുമാർ, സി.കെ. ലതീഷ് എന്നിവർ സംസാരിച്ചു. പി.എസ്. രാജൻ കവിത ആലപിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.വി. ജോയി നന്ദിയും പറഞ്ഞു.