നെടുങ്കണ്ടം മേഖലയിലും പണിമുടക്ക് പൂർണമായിരുന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തൊഴിലാളികൾ എത്താതിരുന്നതോടെ തോട്ടങ്ങളുടെ പ്രവർത്തനംനിലച്ചു. ചില സ്വകാര്യ വാഹനങ്ങളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. തൂക്കുപാലം, ബാലഗ്രാം, രാമക്കൽമേട്, മുണ്ടിയെരുമ, കൂട്ടാർ, കമ്പംമെട്ട്, ഉടുമ്പൻചോല എന്നിവിടങ്ങളിലും പണിമുടക്ക് പൂർണമായിരുന്നു. ടൗണിൽ നടന്ന പ്രകടനത്തിന് നേതാക്കളായ എം.എ. സിറാജുദ്ദീൻ, എം.എസ്. ഷാജി, എം. സുകുമാരൻ, എം.എസ്. മഹേശ്വരൻ, ജയകുമാർ, സുമേഷ്, സി.എം. വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി.


തോട്ടം, വ്യാപാര, നിർമാണ മേഖലകളെല്ലാം നിശ്ചലമായതോടെ പീരുമേട് താലൂക്കിൽ പണിമുടക്ക് ബന്ദായി മാറി. ടൗണുകളും പ്രധാന ജംഗ്ഷനുകളുമെല്ലാം വിജനമായിരുന്നു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വിനോദ സഞ്ചാരമേഖലയെ ഒഴിവാക്കിയിരുന്നെങ്കിലും സമരാനുകൂലികൾ അഞ്ച് മിനിറ്റുവീതം വാഹനങ്ങൾ തടഞ്ഞിട്ടു. വാഗമണ്ണിൽ രാവിലെ സമരാനുകൂലികൾ പ്രകടനം നടത്തി.