മുട്ടം: മലങ്കര ടൂറിസം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടൂറിസം ഹബ്ബ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് മെമ്പറുടെ വെല്ലുവിളിയെത്തുടർന്ന് യോഗം അലങ്കോലപ്പെട്ടു. ജനുവരി 10 മുതൽ 19 വരെ മുട്ടത്ത് നടത്താനുദ്ദേശിക്കുന്ന മലങ്കര ഫെസ്റ്റിന്റെ ആലോചനായോഗമാണ് അലങ്കോലമായത്.യോഗത്തിൽ മുട്ടം പഞ്ചായത്ത് മെമ്പറായ ടി.കെ മോഹനൻ എം.എൽ.എയോട് പരുഷമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തുകയും ചെയ്തതാതായി ആക്ഷേപം. എം.വി.ഐ.പി ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് യോഗം ചേർന്നത്. യോഗത്തിൽ ക്ഷണിക്കപ്പെടാത്ത വ്യക്തിയായ പഞ്ചായത്ത്‌ മെമ്പർ ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് എം.എൽ.എയെയുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തത്.

മുട്ടം: മുട്ടം പഞ്ചായത്ത് മർച്ചന്റ്സ്‌ അസോസിയേഷൻ മറ്റ് സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഡി ടി പി സി യുടെ സഹകരണത്തോടെ മുട്ടം മലങ്കര ടൂറിസം ഫെസ്റ്റ് 10 മുതൽ 19 വരെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചിരുന്നതായി ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങൾ പറഞ്ഞു. ഫെസ്റ്റിന്റെ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിന് മുമ്പ് തന്നെ സ്ഥലം എം എൽ എ ആയ പി ജെ ജോസഫിനെ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘം നേരിൽ കാണുകയും ഫെസ്റ്റ് നടത്തുന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് എംഎൽഎ വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച്ച മുട്ടം എം വി ഐ പി കോട്ടേഴ്സിൽ ചേർന്ന യോഗത്തിൽ ഫെസ്റ്റിന്റെ തിയതി മാറ്റി വെക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ അഡ്വാൻസ് നൽകി ഫെസ്റ്റിന് വേണ്ടി വിവിധ പരിപാടികൾ ബുക്ക് ചെയ്യുകയും ക്രമീകരണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാവുകയും ചെയ്തിരുന്നു. ഫെസ്റ്റ് മാറ്റിവെക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടപ്പോൾ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ടി കെ മോഹനൻ ചെയ്തതെന്നും സംഘാടക സമിതി ഭാരവാഹികളായ പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മമൈക്കിളും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണനും അറിയിച്ചു