തൊടുപുഴ: ഒമ്നി വാനെ വീടാക്കി മാറ്റി രാജ്യസഞ്ചാരം നടത്തുന്ന സഹോദരങ്ങൾ തൊടുപുഴയിലെത്തി. വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനിടെ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചപ്പോൾ ഇവിടെ പണിമുടക്ക് ഹർത്താലായി മാറിയതോടെ യാത്രമുടക്കാതെ തൊടുപുഴയിലൂടെ ഒരു നാടുകാണൽ ഗംഭീരമാക്കി. കണ്ണൂർ ഇരിട്ടി നെച്ചിക്കാട്ട് എബിൻ വർഗീസും ലിബിൻ വർഗീസുമാണ് 3 വർഷം കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളും സഞ്ചരിക്കുന്നത്. മൂന്ന് മാസം മുൻപ് പുറപ്പെട്ട ഇവരുടെ ജീവിതം പൂർണമായും വാനിലാണ്. '
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലൂടെ ചുറ്റിയടിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് പൗരത്വപ്രശ്നത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നത്.ഇതോടെ കേരളത്തിലേക്ക് മടങ്ങി എത്തിയത്. ഗ്രാമീണ മേഖലകളിലൂടെയാണ് യാത്ര. അതിനാൽ ലോഡ്ജുകളും മറ്റും കണ്ടെത്തുക പ്രയാസമാണെന്നതാണ് വാൻ വീടാക്കാൻ പ്രേരണയായത്. കൂടാതെ അധികം പണം മുടക്കേണ്ടെന്നതും വാനിലേക്ക് ഒതുങ്ങാൻ കാരണമാണ്.
ഇഷ്ടപ്പെട്ട ലൊക്കേഷനുകളിൽ അന്തിയുറങ്ങിയാണ് യാത്ര. ഭക്ഷണം പാചകം ചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം വാനിലാണ്. എല്ലാവിധ സൗകര്യങ്ങളും വാനിൽ ഒരുക്കിയിട്ടുണ്ട്. . ഓരോ മേഖലയിലെ വിശേഷങ്ങൾ ഇ ബുൾ ജെറ്റ് എന്ന തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ലോകത്തിനു സമ്മാനിച്ചാണ് യാത്ര തുടരുന്നത്.