തൊടുപുഴ: പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ ഭരണഘടനയെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. ഈ ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ നിർദ്ദേശപ്രകാരം വിവിധ മേഖലകളിലെ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നെടുങ്കണ്ടം, കോതമംഗലം, മൂവാറ്റുപുഴ, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലാണ് ജനകീയ പദയാത്ര നടത്തുന്നത്. 5, 7, 9 തീയതികളിൽ നെടുങ്കണ്ടം, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പദയാത്രകൾ വമ്പിച്ച ജനപങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. ഇന്ന് വൈകിട്ട് മൂന്നിന് ഇരുമ്പുപാലത്തു നിന്ന് തുടങ്ങി അടിമാലിയിൽ എത്തിച്ചേരുന്ന പദയാത്രയുടെ സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് മൂന്നിന് ഇടവെട്ടി മാർത്തോമാ ജംങ്ഷനിൽ പി.ജെ. ജോസഫ് എം.എൽ.എ പദയാത്ര ഫ്ലാഗ്ഓഫ് ചെയ്യും. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ എത്തിച്ചേരുമ്പോൾ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ എം.പി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തുമെന്ന് എം.പി പറഞ്ഞു.