ഇടവെട്ടി: പഞ്ചായത്തിലെ എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന എം.വി.ഐ.പി കനാൽ റോഡിന്റെ പണി കരാറുകാർ ഏറ്റെടുക്കാൻ തയ്യാറാകാത്തതോടെ അനശ്ചിതത്വത്തിലായി. ഇടവെട്ടി പഞ്ചായത്തിൽ നടപ്പാക്കിയ പുതിയ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോൾ കനാൽ റോഡ് അടക്കം പഞ്ചായത്തിലെ മിക്ക റോഡുകളും തകർന്നിരുന്നു. പദ്ധതി പൂർത്തീകരിച്ചപ്പോൾ മിച്ചം വന്ന പണം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് നൽകാമെന്ന് വകുപ്പ് മന്ത്രിയും എം.വി.ഐ.പിയും നബാർഡ് അധികൃതരും പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം തകർന്ന റോഡുകളുടെ എസ്റ്റിമേറ്റ് സമർപ്പിക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. കനാൽ റോഡിന്റെ പുനരുദ്ധാരണത്തിനായി 46.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചത്. ഇത് പ്രകാരം സർക്കാർ പഞ്ചായത്തിന് കഴിഞ്ഞ ജൂണിൽ പണം കൈമാറുകയും ചെയ്തു. പണം ലഭിച്ചതോടെ പഞ്ചായത്ത് ഭരണസമിതി കനാൽ റോഡിന് പുറമേ മെമ്പർമാരുടെ വാർഡുകളിലെ റോഡുകൾ കൂടി കനാൽ റോഡിന് അനുവദിച്ച തുക ഉപയോഗിച്ച് ചെയ്യാൻ തീരുമാനിച്ചെന്നാണ് ആക്ഷേപം. 16 ലക്ഷം രൂപ ഇങ്ങനെ വകമാറ്റിയെന്നാണ് ആരോപണം. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം വർക്ക് ആദ്യം ഇ- ടെൻഡറും പിന്നീട് ഓപ്പൺ ടെൻഡറും നടത്തിയെങ്കിലും എസ്റ്റിമേറ്റിലെ അപാകത മൂലം കരാറുകാർ ആരും വർക്ക് ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. തുടർന്ന് ക്വട്ടേഷൻ വിളിച്ചെങ്കിലും അതിനും പങ്കെടുക്കാൻ കരാറുകാർ വിസമ്മതിച്ചു. ഇതോടെ കനാൽ റോഡ് പുനരുദ്ധാരണം അവതാളത്തിലായി. കാൽനട യാത്ര പോലും ദുസഹമായ തരത്തിൽ പൂർണമായും തകർന്ന നിലയിലാണ് കനാൽ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. ലഭ്യമായ ഫണ്ട് പോലും പ്രയോജനപ്പെടുത്താൻ കഴിയാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് ഒരു വിഭാഗം.
''പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം മിച്ച വന്ന തുക പഞ്ചായത്തിലെ ഏത് റോഡിന്റെ പുനരുദ്ധാരണത്തിന് വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. സ്വന്തം പാർട്ടിക്ക് പോലും വേണ്ടാത്ത ചിലരാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ. ടാറിന് വില കൂടിയതിനാലും ബില്ലുമാറി കിട്ടാൻ വൈകുന്നതുകൊണ്ടുമൊക്കെയാണ് കരാറുകാർ വർക്ക് ഏറ്റെടുക്കാത്തത്. റോഡ് പണിയുന്നതിന് വീണ്ടും ക്വട്ടേഷൻ വിളിക്കും. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്."'
-ലത്തീഫ് മുഹമ്മദ് (ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്)