തൊടുപുഴ: മലങ്കര ടൂറിസം ഫെസ്റ്റ് 2020 ഇന്ന് മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് നാലിന് മുട്ടം ബസ് സ്റ്റാൻഡിൽ നിന്ന് താളമേളങ്ങളോടുകൂടിയ വർണശബളമായ ഘോഷയാത്ര തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് ഫ്ളാഗ് ഒഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ. 11ന് വൈകിട്ട് അഞ്ച് മുതൽ സംസ്ഥാനതല ശരീര സൗന്ദര്യ മത്സരം നടക്കും. സാം ക്രിസ്റ്റി ദാനിയേൽ വിശിഷ്ടാതിഥിയാകും. 12ന് മന്ത്രി എം.എം. മണി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ പങ്കെടുക്കും. ഏഴിന് ഗാനമേള. 13ന് ടൂറിസം സെമിനാർ ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴിന് മ്യൂസിക് ആന്റ് ഡാൻസ്. 14ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മുൻ എം.എൽ.എ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. ഏഴിന് മുട്ടം 'സ്വരലയ മ്യൂസിക്ആന്റ് ഡാൻസ് നൈറ്റ് 2020'. 15ന് വൈകിട്ട് 5ന് 'മലങ്കര ടൂറിസം വികസന സാദ്ധ്യതകൾ" എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ ജില്ലാ കളക്ടർ എച്ച്. ദിനേശ് ഉദ്ഘാടനം ചെയ്യും. ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ വിഷയാവതരണം നടത്തും. ഏഴിന് മുട്ടം ഗ്രാമ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. 16ന് വൈകിട്ട് അഞ്ചിന് കുടുംബശ്രീ കലാസംഗമം വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ഏഴിന് കുടുംബശ്രീ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 17ന് വൈകിട്ട് അഞ്ചിന് മുട്ടത്തെ കലാ-കായിക പ്രതിഭകളെ ആദരിക്കും. പി.സി. ജോർജ്ജ് എം.എൽ.എ മുഖ്യാതിഥിയാകും. ഏഴിന് ഗാനമേള. 18ന് വൈകിട്ട് നാലിന് കരാട്ടെ പ്രദർശനം. അഞ്ചിന് സെമിനാർ. വിഷയം: 'ഹരിതകേരളം പദ്ധതി" ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ഏഴിന് നാട്ടുപാട്ട്. 19ന് വൈകിട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴിന് 'ഗാനമേള ആന്റ് മെഗാ ഷോ'. വാർത്താസമ്മേളനത്തിൽ മലങ്കര ടൂറിസം ഫെസ്റ്റ് സംഘാടക സമിതി ചെയർപേഴ്സണും പഞ്ചായത്ത് പ്രസിഡന്റുമായ കുട്ടിയമ്മ മൈക്കിൾ, കൺവീനറും മുട്ടം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പി.എസ്. രാധാകൃഷ്ണൻ, ഭാരവാഹികളായ ടി.കെ. മോഹനൻ, അലക്‌സ് പ്ലാത്തോട്ടം, ഔസേപ്പച്ചൻ പഴയിടം എന്നിവർ പങ്കെടുത്തു.
പി.ജെ. ജോസഫ് സഹകരിച്ചില്ലെന്ന്, ഡീനുമില്ല
തുടക്കം മുതൽ പി.ജെ. ജോസഫ് എം.എൽ.എ ഫെസ്റ്റിനോട് സഹകരിച്ചില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഫെസ്റ്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് മുതൽ മൂന്ന് തവണ വീട്ടിലടക്കം പോയി പി.ജെ. ജോസഫ് എം.എൽ.എയെ ക്ഷണിച്ചതാണ്. അന്ന് വ്യക്തമായ മറുപടി നൽകാത്ത അദ്ദേഹം പരിപാടികളെല്ലാം തീരുമാനിച്ചതിന് ശേഷം ഫെസ്റ്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അത് സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ ഉദ്ഘാടനം മാറ്റണമെന്ന് പറഞ്ഞു. ജോസഫ് എത്തിയാൽ പ്രോട്ടോകോൾ പ്രകാരം അദ്ധ്യക്ഷനാക്കും. ഡീൻ കുര്യാക്കോസ് എം.പിയെ ക്ഷണിച്ചപ്പോൾ മുട്ടം കോൺഗ്രസ് കമ്മിറ്റി പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വരാനാകില്ലെന്നുമാണ് പറഞ്ഞത്.