കട്ടപ്പന: പണിമുടക്ക് അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കേ കട തുറന്നതിന്റെ പേരിൽ വ്യാപാരികളെ സി.പി.എം. പ്രവർത്തകർ മർദിച്ചതായി പരാതി. വെള്ളയാംകുടിയിലെ ജെ.കെ. മെഡിക്കൽ സ്‌റ്റോർ ഉടമ കയ്യാലയ്ക്കകത്ത് ജെറി ജോർജ്(44), വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളയാംകുടി യൂണിറ്റ് പ്രസിഡന്റും ചോയിസ് ബേക്കറി ഉടമയുമായ തറക്കുന്നേൽ ഷാജി സെബാസ്റ്റിയൻ(47) എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ് ജെറിയുടെ ഒരു പല്ല് നഷ്ടമാകുകയും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടാകുകയും ചെയ്തു. മർദിക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു. ബുധനാഴ്ച രാവിലെ ജെറി മെഡിക്കൽ സ്‌റ്റോർ തുറന്നപ്പോൾ സമരാനുകൂലികൾ എത്തി അടപ്പിച്ചു. ഉച്ചകഴിഞ്ഞ് മരുന്ന് വാങ്ങാൻ നിരവധിപേർ എത്തിയതോടെ മെഡിക്കൽ സ്‌റ്റോർ തുറന്നെങ്കിലും സമരക്കാർ സ്ഥലത്തെത്തി വീണ്ടും അടപ്പിച്ചു. വൈകുന്നേരം വീണ്ടും ആളുകൾ വന്നതോടെ മെഡിക്കൽ സ്‌റ്റോർ തുറന്നു.
രാത്രി 8.30 ഓടെ കടയിൽ നിന്നു സാധനങ്ങളെടുക്കാനാണ് ഷാജിയും മകൻ ഷാരോണും(19) വെള്ളയാംകുടിയിലെത്തിയത്. തിരികെ മടങ്ങാനൊരുങ്ങവെ സമരാനുകൂലികൾ കടയിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. കൗണ്ടറിന്റെ വാതിൽ തള്ളിത്തുറന്ന് ഷാജിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിക്കുന്നതും മകനെ തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഈസമയം മെഡിക്കൽ സ്‌റ്റോറിലുണ്ടായിരുന്ന ജെറി ശബ്ദം കേട്ട് സ്ഥലത്തെത്തി. ഉടനെ ജെറിയേയും നടുറോഡിൽ മർദിക്കുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും കെ.വി.വി.ഇ.എസ്. യൂണിറ്റ് കമ്മിറ്റിയുടെയും പരാതികളിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കം പത്തോളം പേർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.
മർദനത്തിൽ പ്രതിഷേധിച്ച് കെ.വി.വി.ഇ.എസ്. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നുമുതൽ മൂന്നുവരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.