പിടികൂടാൻ സഹായകമായത് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചിത്രം
കട്ടപ്പന: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. മണിയാറൻകുടി കുട്ടപ്പൻസിറ്റി കുന്നത്ത് അഖിൽ ബിനു(19) വാണ് പിടിയിലായത്. ഡിസംബർ 31നാണ് മേരികുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി 35,000 രൂപ തട്ടിയത്. പിന്നീട് നടത്തിയ പരശോധനയിൽ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ അധികൃതർ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ അഖിൽ ഇരട്ടയാറിലെ പണമിടപാട് സ്ഥാപനത്തിൽ സ്വർണമോതിരം പണയം വയ്ക്കാനെത്തി. പ്രതിയെ തിരിച്ചറിഞ്ഞ ജീവനക്കാർ ഇയാളെ തടഞ്ഞുവച്ചശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മേരികുളത്തെ തട്ടിപ്പക നടന്നതോടെ ബാങ്ക് അധികൃതർ യുവാവിന്റെ ചിത്രം പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്ചെയ്തിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായകരമായത്. ഉപ്പുതറ സി.ഐ. കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ രീതിയിൽ ഇയാൾ നിരവധി തവണ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.