ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് തടിയമ്പാട് ടൗണിൽ ഉപയോഗ ശൂന്യമായി കിടന്ന പൊതുമാർക്കറ്റ് നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തടിയമ്പാട് ടൗണിൽ ഗ്രാമീണ ചന്തയുടെയും ടോയ്ലറ്റ് കോംപ്ലക്സിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത് . പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ഗ്രാമീണ ചന്തയുടെയും പൊതു ശൗചാലയത്തിന്റെയും നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പൊതു ശൗചാലയം ഇല്ലാതിരുന്ന ടൗണിൽ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സാദ്ധ്യമാവുന്നത്. 13 ലക്ഷം രൂപയാണ് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഏറെ കാലമായി ഉപയോഗ ശൂന്യമായി കിടന്ന പഴയ മാർക്കറ്റും അതിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് വക സ്ഥലവും ഉൾപ്പെടുത്തിയാണ് മാർക്കറ്റും ശൗചാലയവും നിർമ്മിക്കുന്നത്. പഞ്ചായത്തംഗം അമൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ റോയി ജോസഫ്, ബാബു ജോർജ്, റീത്ത സൈമൺ, വ്യപാരി വ്യവസായി ഏകോന സമിതി തടിയമ്പാട് യൂണിറ്റ് പ്രസിഡന്റ് കെ. എ ജോൺ, സെക്രട്ടറി റോബിൻ എൻവീസ്, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.ബി സൂഫീയ തുടങ്ങിയവർ പ്രസംഗിച്ചു.