തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ രവിവാരപാഠശാല കമ്മിറ്റിയുടെയും മറ്റ് പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ എല്ലാ ശാഖകളിലും നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, എന്നീ വിഭാഗങ്ങളിലും അമ്മമാർക്കുമാണ് പരീക്ഷ നടത്തുന്നത്. ശാഖാ മാനേജ്‌മെന്റ് കമ്മിറ്റി, രവിവാര പാഠശാല ടീച്ചർമാർ, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, എംപ്ലോയീസ് ഫോറം തുടങ്ങിയ പോഷക സംഘടനകളുടെ ഭാരവാഹികളുടെ സഹകരണത്തോടെയാണ് പരീക്ഷയും മൂല്യനിർണയവും നടത്തുന്നത്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ യുണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റിയംഗങ്ങൾ, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ, എക്‌സാമിനർമാർ എന്നിവർ യോഗം ഉദ്ഘാടനം ചെയ്യും. പുതുതലമുറയ്ക്കും അമ്മമാർക്കും മഹാഗുരുവിനെ അറിയാനും സംസ്‌കൃതചിത്തരാകാനും തൊടുപുഴ യൂണിയൻ ആരംഭിച്ച ഈ കർമ്മ പദ്ധതിയിൽ അണിചേരണമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.