മുലമറ്റം: മൂലമറ്റം വഴി വാഗമണ്ണിന് പോകുകയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ എടാടിനു സമീപം കത്തിനശിച്ചു.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപടർന്നു.മലപ്പുറം സ്വദേശി ജാഫറും ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസപെട്ടു. കാറിൽ പത്തോളം പേരാണ് യാത്ര ചെയ്തിരുന്നത്.10 പേർക്ക് യാത്ര ചെയ്യാവുന്ന കാറാണ് കത്തിയത്. എല്ലാവരും വളരെ വേഗം പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.തീഗോളമായി മാറിയ കാറിനടുത്തേക്ക് ആർക്കും അടുക്കാൻ സാധിച്ചില്ല. കാറിൽ നിന്നും തീ സമീപത്തെ പായിപ്പാട്ട് പുഷ്പന്റെ പുരയിടത്തിലേക്ക് പടർന്നു. ഇത് നാട്ടുകാർ തല്ലികെടുത്തി.മൂലമറ്റത്തു നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാറിലെ തീയണച്ചത്. അഗ്നി രക്ഷാ സേന എത്തിയപ്പോഴേക്കും കാർ ഏതാണ്ട് പൂർണമായും കത്തിയിരുന്നു.