prathikal

നെടുങ്കണ്ടം: 43 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ.കമ്പംമെട്ട് എക്‌സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ഉടുമ്പൻചോല റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിൽ. മുണ്ടിയരുമ കരയിൽ കരിമ്പനക്കൽ വീട്ടിൽ ആൽഫി(18) കോമ്പയാർ കരയിൽ കമലാലയം ഗോപു (18) എന്നിവരാണ് ബൈക്കിൽ കടത്തുകയായിരുന്ന 43 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തു. സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നുവെന്ന പരാതിയിൽ നിരവധി തവണ ആൽഫിയെ പരിശോധിച്ചിരുന്നുവെങ്കിലും കഞ്ചാവ് കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ഒരു തവണ സർക്കിൾ ഇൻസ്പക്ടറെയും പാർട്ടിയെയും അസഭ്യം പറഞ്ഞ് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തിരുന്നു . ഉടുമ്പൻചോല റേഞ്ച് എക്‌സൈസ് ഇൻസ്പക്ടർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ ലിജോ ഉമ്മൻ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്.ജെ, രാധാകൃ ഷ്ണൻ പി.ജി, തോമസ് ജോൺ സിവിൽ എക്‌സൈസ് ഓഫീസർമാരായ ജസ്റ്റിൻ പി.സി, റ്റിൽസ് ജോസഫ്, ശശികുമാർ കെ.ആർ എന്നിവർ പങ്കെടുത്തു.