toilet

കട്ടപ്പന: മകരവിളക്ക് ഉത്സവത്തിനുപോകുന്ന അയ്യപ്പൻമാർക്ക് ജില്ലയിൽ ദുരിതയാത്ര. കമ്പംമെട്ട്കട്ടപ്പന വഴി ശബരിമലയിലേക്കു പോകുന്ന അയ്യപ്പൻമാർക്കാണ് വിരിവയ്ക്കുന്നതിനുള്ള സൗകര്യം പോലുമില്ലാത്തത്.

ഒരു സീറ്റിന് 300 രൂപ നിരക്കിലാണ് ഇതര സംസ്ഥാന തീർഥാടകരുടെ വലിയ വാഹനങ്ങൾക്ക് 10 ദിവസത്തേയ്ക്ക് നികുതിയായി ഈടാക്കുന്നത്. കമ്പംമെട്ടിലെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ നവംബർ 27 മുതൽ ജനുവരി ഒൻപത് വരെ 53 ലക്ഷത്തിൽപ്പരം രൂപ നികുതിയായി ലഭിച്ചുകഴിഞ്ഞു. വലിയ നികുതി നൽകിയിട്ടും അയ്യപ്പഭക്തർക്ക് വിശ്രമിക്കാൻ പോലും സൗകര്യം ലഭ്യമാക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കമ്പംമെട്ട് വഴി എത്തുന്നത്.

മണ്ഡലകാലം ആരംഭിച്ചതുമുതൽ ആയിരക്കണക്കിനു വാഹനങ്ങളാണ് ദിനംപ്രതി കടന്നുവരുന്നത്. ദിവസങ്ങളോളം യാത്ര ചെയ്ത് വരുന്ന ഇവർക്ക് വിശ്രമിക്കാനോ വിരിവയ്ക്കാനോ ഇടത്താവളങ്ങളൊന്നുമില്ല. കമ്പംമെട്ടിൽ വ്യക്തി നിർമിച്ചതും ചപ്പാത്തിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ വിരിപ്പന്തലുകൾ മാത്രമാണുള്ളത്. കമ്പംമെട്ടിലെ ഇടത്താവളത്തിൽ സൗകര്യം പരിമിതമാണ്. കമ്പംമെട്ടിനും കുട്ടിക്കാനത്തിനുമിടയിൽ ചപ്പാത്തിൽ മാത്രമാണ് വിരിവയ്ക്കാൻ ഇടമുള്ളത്. കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിലും കമ്പംമെട്ട്പുളിയൻമല റോഡിലും വിശ്രമകേന്ദ്രങ്ങളൊരുക്കാൻ സ്ഥലങ്ങളുണ്ടായിട്ടും അതാതു ഗ്രാമപഞ്ചായത്തുകൾ സൗകര്യമൊരുക്കുന്നതിൽ പിന്നാക്കം പോയി. മണ്ഡലകാല ഒരുക്കങ്ങൾ പാളിയതാണ് തീർഥാടകർക്ക് തിരിച്ചടിയായത്. മുൻവർഷങ്ങളിൽ കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിലെ പ്രധാന ഇടത്താവളമായ വെള്ളിലാംകണ്ടം കുഴൽപ്പാലം ജംഗ്ഷനിൽ ഇത്തവണ വിരിവയ്ക്കുന്നതിനുള്ള സൗകര്യമില്ല. ഇവിടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നിർമിച്ച ശൗചാലയ മന്ദിരവും തുറന്നുകൊടുത്തിട്ടില്ല. തിരക്കൊഴിഞ്ഞ ഇടമായതിനാൽ കുഴൽപ്പാലത്തിലാണ് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി തീർഥാടകരുടെ വാഹനങ്ങൾ നിർത്തുന്നത്. അടിസ്ഥാന സൗകര്യമൊരുക്കാത്തതിൽ അയ്യപ്പൻമാരും നിരാശയിലാണ്. തീർഥാടകർ കടന്നുപോകുന്ന പാതകളിൽ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് അതാതു ഗ്രാമപഞ്ചായത്തുകളാണ്.

ഇടത്താവളങ്ങളില്ലാത്തതിനാൽ വഴിയോരങ്ങളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കേണ്ട സ്ഥിതിയാണ്. ഇതുമൂലം പലയിടത്തും മാലിന്യം കുന്നുകൂടുന്നു.