ഇടുക്കി : ലൈഫ് മിഷന്റെ കീഴിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകളുടെ കുടിശ്ശിക ഗഡു പത്തു ദിവസത്തിനകം അനുവദിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ. ജില്ലയിലെ ഈ വർഷത്തെ വിവിധ ത്രിതല പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും പദ്ധതി പുരോഗതി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ എച്ച് ദിനേശൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതി പൂർത്തികരിക്കുന്നതിൽ കുറവ് പ്രകടനം കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും വീഴ്ചകൾ പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. പദ്ധതി നിർവഹണത്തിൽ വീഴ്ച വരുത്തിയ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെ വിശദീകരണം തേടാൻ മന്ത്രി പഞ്ചായത്ത് അഡീഷണൽ ഡയറക്ടർക്ക് നിർദ്ദേശം നല്കി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് , ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എംപി. അജിത്കുമാർ, നഗരാസൂത്രണ വിഭാഗം ഡയറക്ടർ ആർ. ഗിരിജ, ജില്ലാ ആസൂത്രണ ഓഫീസർ കെ. കെ. ഷീല തുടങ്ങിയവർ പങ്കെടുത്തു.