rose
ആദ്യഘട്ട നിർമാണം പൂർത്തിയായ വളകോട്കണ്ണംപടി റോഡ് ഇ.എസ്. ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: മഹാപ്രളയത്തിൽ ഒറ്റപ്പെട്ടുപോയ കണ്ണംപടി, മേമാരി ആദിവാസി മേഖലകളിലെ താമസക്കാർക്ക് ഇനി ഭീതിയില്ലാതെ സഞ്ചരിക്കാം. ഇടുക്കി വന്യജീവി സങ്കേതത്തിലെ ആദിവാസിക്കുടികളെ ബന്ധിപ്പിക്കുന്ന വളകോട്കണ്ണംപടിമേമാരി റോഡിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. കിഫ്ബിയിൽ നിന്നു അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. വളകോട് മുതൽ കണ്ണംപടി വരെ പൂർത്തിയായ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രളയത്തിൽ കിഴുകാനം പാലം ഒലിച്ചുപോയതിനാൽ റോഡ് നിർമാണത്തിനു അനുവദിച്ച ഫണ്ടിൽ നിന്നും പുതിയ പാലം പണിയാൻ തുക വിനിയോഗിക്കേണ്ടിവന്നു. ഇതോടെയാണ് റോഡ് നിർമാണം കണ്ണംപടി വരെയായി ചുരുങ്ങിയത്. വന്യജീവി സങ്കേതമായതിനാൽ കോൺക്രീറ്റും ടൈലും ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്. കണ്ണംപടിയിൽ നിന്നു എട്ടുകിലോമീറ്റർ അകലെയാണ് ഉൾഗ്രാമമായ മേമാരി ആദിവാസിക്കുടി. പുറംലോകത്തെത്താൻ ഏറ്റവുമധികം ബുദ്ധിമുട്ടുന്നവരാണ് ഇവിടുത്തെ ആദിവാസി കുടുംബങ്ങൾ. രണ്ടാംഘട്ട നിർമാണത്തിനു ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് ഉദ്ഘാടനം വളകോട്ടിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷീബ സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, പഞ്ചായത്തംഗംങ്ങളായ സജിമോൻ ടൈറ്റസ്, കെ. ബാലകൃഷ്ണൻ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ പി.യു. സാജു തുടങ്ങിയവർ പങ്കെടുത്തു.