തൊടുപുഴ: പിക്അപ് വാനിൽ കൊണ്ടുവന്ന ആടുകളെ വാഹനം തടഞ്ഞു നിർത്തി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് ഒൻപതു പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം മലങ്കര പെരുമറ്റത്തായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശി ഷാജി കോതമംഗലം കാലാംപൂരിൽ നിന്ന് വാങ്ങി ഈരാറ്റുപേട്ട മൂന്നിലവിലേക്ക് കൊണ്ടു പോകുകയായിരുന്ന 22 ആടുകളെയാണ് ഇളംദേശം സ്വദേശി ഫൈസലിന്റെ നേതൃത്വത്തിൽ ഒൻപതോളം പേരടുങ്ങുന്ന സംഘം തടഞ്ഞു നിർത്തി കടത്തിക്കൊണ്ടു പോയത്. ടവേര വാഹനത്തിലും പിക്ക്അപ്പിലുമായി എത്തിയ സംഘം ഷാജിയെ ആക്രമിച്ച് ആടുകളെ വാനിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറായ ഷാജി നേരത്തെ മറ്റൊരാളുമായി ചേർന്ന് ആടു കച്ചവടം നടത്തിയിരുന്നു. ഇയാളുമായി ഫൈസലിനു സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഷാജി ഓടിച്ചിരുന്ന വാഹനത്തിൽ നിന്നും ആടുകളെ കടത്തിയതെന്ന് മുട്ടം എസ്‌ഐ ബൈജു.പി.ബാബു പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.