കുമളി: എസ്.എൻ.ഡി.പി ശാഖ യോഗം പീരുമേട് യൂണിയൻ യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു.യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിയൻ സംയുക്ത യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.വി ബിനു പ്രമേയം അവതരിപ്പിച്ചു.യോഗത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ട് സംഘടനയെ തളർത്തുന്നതിനായി നടത്തുന്ന കുപ്രചരണങ്ങളിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. കാൽനൂറ്റാണ്ടുകൊണ്ട് സംഘടനയിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയും സമഗ്രമായ പുരോഗതിയിലേക്ക് ഈഴവ സമുദായത്തെ നയിച്ചുകൊണ്ടിരിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പീരുമേട് യൂണിയനിലെ26 ശാഖയോഗങ്ങളുടെയും പോഷക സംഘടനകളുടെയും പരിപൂർണ്ണ പിന്തുണ നൽകുകയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും നേതാക്കളെയും പൊതു സമൂഹത്തിന് മുൻപിൽ അവഹേളിക്കുന്നതിന് സോഷ്യൽ മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമപരവും സംഘടനാ പരവുമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയൻ വൈസ് പ്രസിഡന്റ് പി കെ രാജൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വി.എസ് സുനീഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി ലതാ മുകുന്ദൻ, സൈബർ സേന യൂണിയൻ ചെയർമാൻ ഷിബു എം.ജി എന്നിവർ സംസാരിച്ചു .യൂണിയൻ കൗൺസിലർമാരായ പി.കെ.വിജയൻ, പി.എസ്.ചന്ദ്രൻ ,പി വി. സന്തോഷ് ,പി.കെ ബിജു എന്നിവർ പങ്കെടുത്തു.