ചെറുതോണി:പടമുഖം ക്ഷീരോൽപാദകസംഘം സെക്രട്ടറി പടമുഖം ഇലവും കുന്നേൽ ബിജു അബ്രഹാമിനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്തു. സെക്രട്ടറിയായിരിക്കെ സംഘത്തിൽ നടത്തിയ ക്രമക്കേടുകൾ ശരിവച്ച് സബ് കമ്മറ്റി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജു അബ്രഹാമിനെ നീക്കം ചെയ്തത്. 18 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഘത്തിന്റെ അക്കൗണ്ടിൽ നിന്നും പലതവണയായി സ്വന്തം അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപ മാറ്റിയതായി കണ്ടെത്തി. അംഗീകൃത ഏജൻസിയെ ഒഴിവാക്കി ബിജു അബ്രഹാം ഭാര്യയുടെ പേരിലുള്ള ഏജൻസിയിൽ നിന്ന് മാത്രം കാലിത്തീറ്റ വാങ്ങി സംഘത്തിന് ലഭിക്കേണ്ട കമ്മീഷൻ അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്തതായും അഞ്ച് മുതൽ ഒൻപത് ലക്ഷം രൂപ വരെ സംഘ ത്തിന്റെ അക്കൗണ്ടിലിടാതെ പണം മറ്റു പലർക്കും മറിച്ച് നൽകിയതായും കണ്ടെത്തി .അനുമതി ഇല്ലാതെ സബ് സെന്ററുകൾ തുടങ്ങുകയും സെന്ററിന്റെ കണക്കുകളിൽ തിരിമറി നടത്തുകയും ചെയ്തതോടൊപ്പം, പ്രസിഡന്റിന് രണ്ട് ലക്ഷത്തോളം രൂപയുടെ കാലിത്തീറ്റ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കടമായി നൽകിയതും ഈ തുക പിരിച്ചെടുക്കാൻ കഴിയാത്തതുമെല്ലാം ബിജു അബ്രഹാമിനെതിരെ നടപടിക്കുള്ള മറ്റ് കാരണങ്ങളാണ്. ഇത് സംബന്ധിച്ച് സെക്രട്ടറി ഹൈക്കോടതിയിൽ മൂന്നു കേസുകൾ കൊടുത്തുവെങ്കിലും മൂന്നിലും സംഘത്തിന് അനുകൂല വിധിയുണ്ടായി.. സിബിച്ചൻ ജോസഫ് കൺവീനറും ടോമി ജോസഫ്, പി.എസ്. പ്രദീപ് എന്നിവർ അംഗങ്ങളുമായുള്ള സബ് കമ്മറ്റിയുടെ റിപ്പോർട്ടിൻമേലാണ് നടപടി.