
ഇടുക്കി : സ്‌കൂളിൽ പോകാൻ വാൻ വേണം. സ്‌കൂൾ ബസ് ഇല്ലാത്തതു കൊണ്ട് വഴിയിൽ ഇറക്കി വിടും.. ആവശ്യങ്ങൾ ഒട്ടനവധിയാണ്.. കളിസ്ഥലം, ലാബ് സൗകര്യങ്ങൾ, എക്കോ സൗഹൃദ വിദ്യാലയം,ലൈബ്രറി, നീന്തൽ പരിശീലനങ്ങൾ. സ്‌കൂൾ വിദ്യാർത്ഥികൾക്കായി വാഴത്തോപ്പ് ഗിരിജ്യോതി കോളേജിൽ ഹെല്പിങ് ഹാൻഡ് സംഘടന സംഘടിപ്പിച്ച ബാലസഭയിലാണ് കുട്ടികൾ കാര്യങ്ങൾ അവതരിപ്പിച്ചത്. കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിക്കുന്നത് ഏറെയാണ്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം. സംസ്ഥാനത്തു തീവണ്ടിയാത്ര ആദ്യം വന്നത് ഇടുക്കി ജില്ലയിൽ ആണ്. എന്നാൽ ഇപ്പോൾ തീവണ്ടി കാണണമെങ്കിൽ കോട്ടയത്തോ എറണാകുളത്തോ പോകേണ്ട അവസ്ഥ ആണ്. അതുകൊണ്ട് ജില്ലയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളായ വാഴത്തോപ്പ് സെന്റ് ജോർജ് ഹൈ സ്‌കൂൾ, ഉപ്പതോട് ഗവ. യുപി സ്‌കൂൾ, മരിയാപുരം സെന്റ് മേരിസ് ഹൈസ്‌കൂൾ, വിമലഗിരി വിമല സ്‌കൂൾ, പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂൾ, മുരിക്കശ്ശേരി സെന്റ് മേരിസ് ഹൈസ്‌കൂൾ എന്നിവയിൽ നിന്ന് മൂന്നു പേർ വീതം സ്‌കൂളിനെ പ്രതിനിധികരിച്ചു ചർച്ചയിൽ പങ്കെടുത്തു. കുട്ടികളോടൊപ്പം അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ ശുചിത്യ മിഷൻ, പിഡബ്ല്യൂ ഡി, ഹരിതകേരളം, വിദ്യാഭ്യാസ വകുപ്പ്, സ്‌പോർട്സ് കൗൺസിൽ, പോലീസ് എക്‌സ്സൈസ് വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ്, ഇലക്ട്രിസിറ്റി, ചൈൽഡ്‌ലൈൻ, വാട്ടർ അതോറിട്ടി, പബ്ലിക് റിലേഷൻസ് ഡിപ്പാർട്‌മെന്റ്, കുടുംബശ്രീ, വനംവകുപ്പ്, മെഡിക്കൽ ഡിപ്പാർട്‌മെന്റ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സഹകരണത്തോട് കൂടിയാണ് ചർച്ച സംഘടിപ്പിച്ചത്.
ബാലസഭാ ചിൽഡ്രൻ വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ് നിർവഹിച്ചു. ചർച്ചക്ക് ഹെല്പിങ് ഹാൻഡ് ഓർഗനൈസേഷൻ പ്രതിനിധി ജോളി ജോൺസൻ നേതൃത്വം നൽകി. ചർച്ചക്ക് ശേഷം ഹരിത കേരളത്തിന്റെയും മോട്ടോർ വെഹിക്കിൾ വകുപ്പിന്റെയും സെമിനാറുകൾ നടന്നു. സഹപാഠികളിൽ നിന്നും ശേഖരിച്ചു വന്ന പരാതികൾ കുട്ടികൾ അതാതു വകുപ്പിന് കൈമാറി.