ഇടുക്കി :ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തുംഇന്ന് രാവിലെ 10 മുതൽ തടിയമ്പാട് ഫാത്തിമ മാതാ പാരീഷ്ഹാളിൽ നടത്തും. കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിക്കും. റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാകളക്ടർ എച്ച്.ദിനേശൻ വിശിഷ്ടാതിഥിയാകും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹർഷൻ നന്ദിയും പറയും. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, കാമാക്ഷി, അറക്കുളം ഗ്രാമപഞ്ചായത്തുകളിലായി ആകെ 993 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ചിട്ടുള്ളത്. ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിൽ ആറു പഞ്ചായത്തുകളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുക്കും. പതിനെട്ടോളം സർക്കാർ വകുപ്പുകളുടെ സേവനവും അദാലത്തിൽ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവർഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷൻ, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തിൽ ലഭിക്കും. വീട്ടു നമ്പർ ലഭ്യമാക്കൽ, റേഷൻകാർഡിനുളള അപേക്ഷകൾ, ആധാർറേഷൻകാർഡുകളിലെ തെറ്റു തിരുത്തൽ, ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, വിവിധ ക്ഷേമ പെൻഷൻ അപേക്ഷകൾ, ജീവിത ശൈലീ രോഗ നിർണ്ണയം, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ ബോധവത്ക്കരണം, കൃഷി വകുപ്പിന്റെ വിവിധ സേവനങ്ങൾ എന്നിവയാണ് പ്രധാനമായും സർക്കാർ വകുപ്പുകളുടെ കൗണ്ടറുകൾ വഴി നൽകുന്നത്. ജില്ലാതല ലൈഫ് ഗുണഭോക്തൃ സംഗമം 19ന് നെടുങ്കണ്ടത്ത്മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.