തൊടുപുഴ: പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യയെ മതവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായി 26ന് മനുഷ്യമഹാശൃംഖലയും 16 മുതൽ 21 വരെ പ്രചരണ ജാഥയും നടത്തുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്കമണി മുതൽ ഇരട്ടയാർ, വെള്ളയാംകുടി, കട്ടപ്പന വഴി കാഞ്ചിയാർ പള്ളിക്കവല വരെയാണ് മനുഷ്യമഹാശൃംഖല തീർക്കുന്നത്. കാസർഗോഡ് മുതൽ കന്യാകുമാരി വരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഉപശൃംഖലയാണ് ഇടുക്കിയിലേത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നയിക്കുന്ന ജാഥ സി.പി.ഐ കേന്ദ്ര എക്‌സിക്യുട്ടീവംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യയെ സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് 26ന് മതേതര കേരളം ഒന്നായി നിന്ന് മനുഷ്യമഹാശ്യംഖല തീർക്കുന്നത്. സമരത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന എൽ.ഡി.എഫ് ജാഥ 16ന് വൈകിട്ട് 35-ാം മൈലിൽ നിന്ന് ആരംഭിക്കും. 17ന് പീരുമേട് നിയോജക മണ്ഡലത്തിലും 18ന് ഉടുമ്പൻചോലയിലും 19ന് ദേവികുളത്തും 20ന് ഇടുക്കിയിലും പര്യടനം നടത്തിയ ശേഷം ജാഥ 21ന് തൊടുപുഴ ടൗണിൽ സമാപിക്കും. ജാഥയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എല്ലാ കക്ഷി നേതാക്കളും പങ്കെടുക്കും. ഇതോടൊപ്പം 26ന് തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെ തീർക്കുന്ന മനുഷ്യമഹാശൃംഖലയും വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് കക്ഷി നേതാക്കളായ വി.വി. മത്തായി, ജോർജ് അഗസ്റ്റിൻ, എം.എ. ജോസഫ്, പോൾസൺ മാത്യൂ എന്നിവർ പങ്കെടുത്തു.