കട്ടപ്പന: കാപ്പിക്കുരു പഴുത്ത് പാകമായിട്ടും വർഷങ്ങളായി തുടരുന്ന വിലക്കുറവ് മൂലം വിളവെടുപ്പിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു. നിലവിൽ റോബസ്റ്റ കാപ്പിപ്പരിപ്പിന് കിലോഗ്രാമിന് 120 രൂപയാണ് വില. അറബി കാപ്പിക്കുരുവിന് 25 രൂപയും. ഉത്പാദനച്ചെലവിനുള്ള വരുമാനം പോലും കാപ്പിക്കൃഷിയിൽ നിന്ന് ലഭിക്കുന്നില്ല. ഏലത്തോട്ടങ്ങളിലേക്കു തൊഴിലാളികൾ ചേക്കേറിയതോടെ കാപ്പിക്കുരു വിളവെടുപ്പിനു ആളെകിട്ടാത്ത സ്ഥിതിയുമാണ്. ഇപ്പോൾ പഴുത്ത് കുലകളായി കിടക്കുന്ന കാപ്പിക്കുരു വൈകാതെ വിളവെടുത്തില്ലെങ്കിൽ അണ്ണാനും വവ്വാലും പക്ഷികളും ആഹാരമാക്കും. ഹൈറേഞ്ചിൽ ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ, മേരികുളം, മാട്ടുക്കട്ട, സ്വർണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പി കൂടുതലായി കൃഷി ചെയ്യുന്നത്. ഭൂരിഭാഗം തോട്ടങ്ങളിലും വിളവെടുപ്പ് മന്ദഗതിയിലാണ്. തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രശ്നമാകുന്നു. അതേസമയം തൊഴിലാളികൾക്ക് കൂലി നൽകാനുള്ള വരുമാനം പോലും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു.
അഞ്ച് വർഷമായി വില കൂടുന്നില്ല
നിലവിൽ അഞ്ചുവർഷത്തിലധികമായി കാപ്പിക്കുരു വിലയിൽ വലിയ മാറ്റമില്ല. പരമാവധി 140 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് വില 260 രൂപയിൽ എത്തിയിരുന്നു. പിന്നീട് ക്രമേണ താഴ്ന്ന് 80 രൂപ വരെയെത്തി.
കൃഷി ഉപേക്ഷിക്കുന്നു
ഏലക്കാവിലയിലെ മുന്നേറ്റത്തോടെ പല കാപ്പിത്തോട്ടങ്ങളും അപ്രത്യക്ഷമായി. വർഷങ്ങൾക്ക് മുമ്പ് കാപ്പിക്കൃഷി സമൃദ്ധമായിരുന്ന മേഖലകളിൽ നാമമാത്രമായി ചുരുങ്ങി. വിലയില്ലാത്തതിനാൽ വിളവെടുക്കാനും ഉണങ്ങാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും കാപ്പികൃഷി ഉപേക്ഷിക്കുകയാണ്.