sn
പാമ്പനാർ എസ്.എൻ കോളേജിന്റെയും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'അശാസ്ത്രീയമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ കുടുംബശ്രീപ്രവർത്തകർക്കായി നടത്തിയ പഠനക്ലാസ് പി.കെ. ബാലഗോപാൽ നയിക്കുന്നു

പാമ്പനാർ: ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെയും കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'അശാസ്ത്രീയമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ പീരുമേട് പഞ്ചായത്ത് ഹാളിൽ പഠന ക്ലാസ് നടത്തി. വീട്ടമ്മമാർക്ക് മാലിന്യ സംസ്‌കരണത്തിൽ തങ്ങൾ വരുത്തികൊണ്ടിരിക്കുന്ന വലിയ തെറ്റുകളെ പറ്റി ആഴത്തിൽ അറിവ് നൽകാൻ പി.കെ. ബാലഗോപാലിന്റെ ക്ലാസിന് സാധിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ക്ലാസ് പാരിസ്ഥിതികം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ ഒരു നാഴികക്കല്ലായെന്നു കോ- ഓർഡിനേറ്റർ അഞ്ജലി സാബു അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ സനൂജ് സി. ബ്രീസ്‌വില്ല, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ, ചെയർപേഴ്‌സൺ ഓമന ശശി എന്നിവർ നേതൃത്വം നൽകി. തോട്ടം തൊഴിലാളികൾക്കിടയിൽ വായു മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെ പറ്റി അവബോധം നൽകുന്നതിനായി ഇടുക്കി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. റെമീസ് രാജ, ഡോ. ജെനിസ് മുഹമ്മദ് അലി എന്നിവർ പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകി.