cow
ചത്തുവീണ പശുവിനെ മൂന്നാർ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നു.

മറയൂർ: തോട്ടം തൊഴിലാളികളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു വീഴുന്നു. രാവിലെ മേയാൻ വിടുന്ന പശുക്കൾ പെട്ടെന്ന് കൈകാലുകൾ കുടഞ്ഞ് നിലത്ത് വീണ് അൽപ സമയത്തിനൂള്ളിൽ ചത്തുപോവുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ തോട്ടം തൊഴിലാളികളായ അഞ്ചുപേരുടെ ആറ് പശുക്കളാണ് ചത്തത്. പാമ്പൻമല എസ്റ്റേറ്റിൽ താമസക്കാരായ മണിമേഘല, ജയറാം, കെ. ശേഖർ, വിനായകൻ, ടി. ശേഖർ എന്നിവരുടെ ആറ് പശുക്കളാണ് ഒരാഴ്ചക്കുള്ളിൽ ചത്തത്. തോട്ടം തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്നാർ വെറ്ററിനറി സർജൻ ഡോ. ആർ. രാമസാമി സ്ഥലത്തെത്തി പശുക്കളെ പോസ്റ്റ്‌മോർട്ടം നടത്തി. കാത്സ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന മിൽക് ഫീവർ എന്ന അസുഖത്തെ തുടർന്നാണ് പശുക്കൾ ഇത്തരത്തിൽ ചാകുന്നതെന്ന് വെറ്റിനറി ഡോക്ടർ പറഞ്ഞു. ഇത്തരത്തിൽ കാത്സ്യം കുറവുള്ള പശുക്കൾക്ക് പ്രതിരോധത്തിനായി കാത്സ്യം മരുന്നുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.