ramesh
പഞ്ചലോഹ സമാഹരണ യജ്ഞം യോഗം അസി. സെക്രട്ടറി കെ.ഡി. രമേഷ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ തുടങ്ങിയവർ സമീപം

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആസ്ഥാന മന്ദിരാങ്കണത്തിന് മുമ്പിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിനുള്ള ദ്വിദിന പഞ്ചലോഹ സമാഹരണം യജ്ഞം ആരംഭിച്ചു. രാവിലെ ഒമ്പതിന് ഉടുമ്പൻചോല ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച യജ്ഞം ആനക്കല്ല്, കോമ്പയാർ, കൗന്തി, മഞ്ഞപ്പാറ, ചിന്നാർ, മാവടി, മഞ്ഞപ്പെട്ടി പച്ചടി ശാഖകളിലെ പഞ്ചലോഹ സമാഹരണത്തിന് ശേഷം വൈകിട്ട് ആറിന് നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ ആദ്യദിന യജ്ഞം സമാപിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പാമ്പാടുംപാറ ശാഖയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാം ദിവസ സമാഹരണ യജ്ഞം കല്ലാർ, വിജയപുരം, തേർഡ്ക്യാമ്പ്, പ്രകാശ്ഗ്രാം, കുരുവിക്കാനം, രാമക്കൽമേട്, ചെന്നാപ്പാറ, പുഷ്പകണ്ടം ശാഖകളിൽ നിന്നുള്ള സമാഹരണ ശേഷം വൈകിട്ട് ആറിന് തൂക്കുപാലം ഉദയഗിരി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ സമാപിക്കും. വാസ്തു ശില്പ ശൈലിയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയ്ക്ക് ആവശ്യമായ പഞ്ചലോഹ സമാഹരണത്തിന് ശിവഗിരിമഠം സന്യാസി ശ്രേഷ്ഠൻ ഗുരുപ്രകാശം സ്വാമികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ദ്രവ്യങ്ങൾ ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ എന്നിവർ യജ്ഞത്തിന് നേതൃത്വംവഹിച്ചു. യൂണിയൻ കൗൺസിലർമാർ, പോഷക സംഘടനാ നേതാക്കൾ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുത്തു.