തൊടുപുഴ: വീട്ടമ്മയെ രാത്രി കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിയ്ക്കൽ സിയാദ് (കോക്കർ- 34) മരിച്ച കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ പിതാവ് വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖുമായി (51) തൊടുപുഴ സി.ഐ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം തെളിവെടുപ്പു നടത്തിയത്. കുത്താനുപയോഗിച്ച കത്തിയും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സിയാദിനെ കൊലപ്പെടുത്തിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപെട്ട സിദ്ദിഖിനെ ഇന്നലെ വൈകിട്ട് കോട്ടയത്ത് നിന്ന് തൊടുപുഴയിലേക്ക് വരുന്നതിനിടെ കോലാനിയിൽ വച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി വീട്ടമ്മയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് സിയാദ് കുത്തേറ്റ് മരിച്ചത്. തെളിവെടുപ്പു പൂർത്തിയാക്കി സിദ്ദിക്കിനെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.