മറയൂർ: ശബരി- പഴനി തീർത്ഥാടന പാതയിൽ ബൈക്ക് ബസിൽ ഇടിച്ചു രണ്ടു യുവാക്കൾക്ക് പരിക്ക്. ആലുവ സ്വദേശികളായ മൊബിൻ (23), റിയാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതിന് വുഡ്ബ്രയർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് അപകടം ഉണ്ടായത്. മറയൂർ സന്ദർശിക്കാൻ ഒമ്പത് ബൈക്കുകളിലായി എത്തിയ 18 പേരടങ്ങുന്ന സംഘത്തിലെ ഒരു ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ചെന്നൈയിൽ നിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മറ്റ് ബൈക്ക് യാത്രികർ മുമ്പിലായതിനാൽ അപകടവിവരം അവർ അറിഞ്ഞുമില്ല. മൂന്നാറിൽ നിന്ന് കുടുംബവുമായി എത്തിയ ഒരു ആട്ടോ ഡ്രൈവറാണ് പരിക്കേറ്റവരെ മൂന്ന് കിലോമീറ്റർ അകലെയുള്ള വുഡ്ബ്രയർ എസ്റ്റേറ്റ് ആശുപത്രിയിൽ എത്തിച്ചത്. റിയാസിന്റെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവയിലേക്ക് കൊണ്ടുപോയി. മറയൂർ അഡീ. എസ്.ഐ വി.എം. മജീദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.