വാഴത്തോപ്പ്: വാഴത്തോപ്പ് പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് മാറ്റം. മുന്നണി ധാരണപ്രകാരം നാല് വർഷത്തിനിടെ മാറുന്നത് മൂന്നാമത്തെ പ്രസിഡന്റും നാല് വൈസ് പ്രസിഡന്റുമാരുമാണ്. കേരള കോൺഗ്രസിനാണ് അവസാന രണ്ടു വർഷം പ്രസിഡന്റ് സ്ഥാനം നൽകിയിരുന്നത്. കേരള കോൺഗ്രസ് (എം) ​രണ്ടായതോടെയാണ് അധികാര കൈമാറ്റം വീണ്ടും നടക്കുന്നത്. നിലവിൽ ജോസ് കെ. മാണി വിഭാഗത്തിലെ റിൻസി സിബിയാണ് പ്രസിഡന്റ്. ഇനി ധാരണപ്രകാരം ജോസഫ് വിഭാഗം പ്രതിനിധി സെലിൻ വി.എം പ്രസിഡന്റാകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാഴത്തോപ്പ് പഞ്ചായത്തിൽ വീണ്ടും അധികാര കൈമാറ്റം നടന്നത്. കോൺഗ്രസ്, കേരള കോൺഗ്രസ് ധാരണയിൽ നാലു വർഷത്തിനിടെ രണ്ട് പ്രസിഡന്റുമാരും, നാലു വൈസ് പ്രസിഡന്റുമാരും മാറി. അടുത്ത തിരഞ്ഞെടുപ്പിലും മുന്നണി സഹകരണം ഉറപ്പിക്കാൻ വേണ്ടിയാണ് ഇത്തരം ധാരണകൾ ഉണ്ടാകുന്നത്.