ഇടവെട്ടി: ലക്ഷങ്ങൾ വിലവരുന്ന മരതടികൾ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം നശിക്കുന്നതായി പരാതി. ഇടവെട്ടിച്ചിറയുടെ കരയിൽ നിന്നിരുന്ന ആഞ്ഞിലി മരങ്ങൾ മൂന്ന് വർഷം മുമ്പാണ് പഞ്ചായത്ത് വെട്ടിയത്. ഒരു തവണ ലേല നടപടികൾ കൈക്കൊണ്ടെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. പിന്നീട് ലേല നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തും തയ്യാറായില്ല. ദ്രവിച്ച് നശിക്കാറായ തടികൾ റോഡരികിൽ കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. എത്രയും വേഗം പഞ്ചായത്ത് തടികൾ വിൽപ്പന നടത്താൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതർ ഒരു വർഷം മുമ്പ് ഇടവെട്ടി ചിറയിലേക്ക് വെട്ടിയിട്ട തണൽമരം ഇതുവരെ നീക്കിയിട്ടില്ല. മരച്ചില്ലകൾ വെള്ളത്തിൽ ചീഞ്ഞഴുകിയതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ കാലവർഷത്തിൽ ചിറയുടെ കരയിൽ നിന്നിരുന്ന തണൽമരത്തിന് ഇടിവെട്ടേറ്റിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിറ്റേ ദിവസം തന്നെ മരം വെട്ടി ചിറയിൽ തള്ളുകയായിരുന്നു. അന്ന് തന്നെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അടുത്ത ദിവസം തന്നെ തടികൾ നിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. വെള്ളത്തിൽ കിടന്ന് മരക്കൊമ്പുകൾ അളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്. ജലാശയങ്ങൾ ശുചീകരിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ പ്രാധാന്യത്തോടെ നടപ്പാക്കുമ്പോഴാണ് ജലാശയത്തോട് പഞ്ചായത്തിന്റെ ഈ തോന്ന്യവാസം. ലക്ഷങ്ങൾ വിലവരുന്ന മരമാണ് നിരവധിപ്പേർ ഉപയോഗിക്കുന്ന ചിറയിൽ കിടന്ന് നശിക്കുന്നത്. എത്രയും മരത്തടികൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.