കട്ടപ്പന: കാഞ്ചിയാർ പാലക്കടയിലെ പുരിയടങ്ങളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായി. ശനിയാഴ്ച രാത്രി 10ഓടെ കാട്ടുപന്നിക്കൂട്ടം അരയേക്കറോളം സ്ഥലത്തെ കപ്പക്കൃഷി നാമാവശേഷമാക്കി. കൊന്നയ്ക്കാത്തടത്തിൽ തങ്കച്ചൻ പാട്ടത്തിനെടുത്ത് കൃഷിചെയ്ത സ്ഥലത്തെ 300 ചുവട് കപ്പച്ചെടികളാണ് നശിപ്പിച്ചത്. ആകെ 700 ചുവട് കപ്പയാണ് നട്ടിരുന്നത്. ഒരുലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സമീപത്തെ ഏത്തവാഴത്തോട്ടത്തിലും നാശം വരുത്തിയിട്ടുണ്ട്.
സമീപത്ത് കാടുപിടിച്ചുകിടക്കുന്ന ഏക്കറുകണക്കിനു സ്ഥലത്താണ് കാട്ടുപന്നികൾ തമ്പടിക്കുന്നത്. രാത്രികാലങ്ങളിൽ പുരയിടങ്ങളിൽ കൂട്ടമായി എത്തുന്ന ഇവ കിഴങ്ങുവർഗങ്ങളും വാഴക്കൃഷിയും കുത്തിമറിച്ച് നശിപ്പിക്കുന്നു. രാത്രികാലങ്ങളിൽ സമീപപ്രദേശത്ത് മാലിന്യം തള്ളുന്നതും പന്നിശല്യം രൂക്ഷമാക്കുന്നു. മുൻവർഷങ്ങളിലും ഇവിടെ കാട്ടുപന്നി ശല്യമുണ്ടായിരുന്നു.