മൂന്നാർ : സംസ്ഥാനത്തെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും താത്പര്യ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മൂന്നാറിലെ കുറ്റിയാർവാലിയിൽ ഫൊക്കാനയുടെ സഹായത്തോടെ ഭവനം ഫൗണ്ടേഷൻ നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തോട്ടം മേഖലയുടെ സമഗ്ര സംരക്ഷണത്തിനും തൊഴിലാളി ക്ഷേമത്തിനുമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും അത് ഉടൻ പ്രാവർത്തികമാക്കുമെന്നും മന്ത്രി അറിയിച്ചു. ദേവികുളം പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് അദ്ധ്യക്ഷനായിരുന്നു.
തോട്ടം മേഖലയ്ക്കായി കരട് നയം തന്നെ തയാറായിക്കഴിഞ്ഞു. ഇതിൽ തോട്ടം മേഖലയിലെ പ്രശ്‌നങൾ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഡയറക്ടറേറ്റിന്റെ രൂപീകരണവും വ്യവസ്ഥയായിട്ടുണ്ട്. തോട്ടമുടകൾ, തൊഴിലാളികൾ തുടങ്ങി എല്ലാവരെയും സഹകരിപ്പിച്ചു മന്നോട്ടു കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ആവശ്യത്തോട് അനുകൂലമായ നിലപാടാണ് ഈ സർക്കാരിനുള്ളത്.
തോട്ടം തൊഴിലാളികളിൽ സ്വന്തമായി വീടില്ലാത്തവർക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി അവർക്ക് ഭവന നിർമാണത്തിനുള്ള ആദ്യഘട്ട നിർമാണം ആരംഭിച്ചത് . ആദ്യ ഘട്ടത്തിൽ പത്തു വീടുകളാണ് നിർമിക്കുന്നത്. അതിൽ അഞ്ചു വീടിന്റെ നിർമാണം പൂർത്തിയായി. ഇതിന്റെ മുകളിൽ തുടർ പണി നടത്താവുന്ന രീതിയിലാണ് വീടിന്റെ നിർമാണം. ആദ്യ വീടിന്റെ താക്കോൽ ചെല്ലദുരെക്കും കുടുംബത്തിനും മന്ത്രി നൽകി. ഫൊക്കാനയുടെ സഹകരണത്തോടെ ജില്ലയിൽ 100 വീടുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്. ലൈഫ് മിഷന്റെ മുന്നു ഘട്ടങ്ങളിൽപ്പെടുത്തിയാണ് ഇവർക്കും വീടുകൾ നിർമിക്കുന്നത്. തോട്ടങ്ങളിൽ നിന്നു വിരമിച്ച തൊഴിലാളികൾ ലയത്തിൽ തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. തോട്ടം തൊഴിലാളികൾ വിരമിക്കമ്പോൾ അവരെ കൂടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഇടുക്കിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരുടെയും സഹകരണത്തിന്റെ പാതയിൽ പരിഹാരം കണ്ടെത്തും. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, ഭവനം പദ്ധതി കോ ഓർഡിനേറ്റർ സജിമോൻ ആന്റണി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. അഡിഷണൽ ലേബർ കമ്മീഷണർ ശ്രീലാൽ , മുൻ ഡെപ്യൂട്ടി സ്പീക്കർ സിഎ കുര്യൻ, മുൻ എം. എൽ. എമാരായ കെ. കെ ജയചന്ദ്രൻ, എ. കെ മണി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്, ജനപ്രതിനിധികൾ, വിവിധ രാഷ്രീയ സാമൂഹ്യ നേതാക്കൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുറ്റിയാർവാലിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും
കുറ്റിയാർവാലിയിലെ തോട്ടം തൊഴിലാളികളുടെ വീടുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾക്ക് മന്ത്രി ടി.പി രാമകൃഷ്ണൻ നിർദേശം നൽകി.തോട്ടം മാനേജ്‌മെന്റുകളുമായി ഈ മാസം 21 ന് കൊച്ചിയിൽ നടക്കുന്ന കരട് പ്ലാന്റേഷൻ നയം ശില്പശാലാ വേദിയിൽ ചർച്ച നടത്തും.ഇതിനായി ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ. പ്രമോദിനെ മന്ത്രി ചുമതലപ്പെടുത്തി. ഇതിനകം താത്കാലിക കുടിവെള്ള സംവിധാനം ഒരുക്കാനും മന്ത്രി നിർദേശിച്ചു. ശാശ്വത പരിഹാരത്തിന് നിർദ്ദേശം സമർപ്പിക്കണം.