naseer1

കട്ടപ്പന: ബി.ജെ.പി. സംസ്ഥാന സെക്രട്ടറിക്ക് പള്ളിയിൽ നിസ്കരിച്ചിറങ്ങിയ ശേഷം മർദ്ദനമേറ്റതിനു പിന്നാലെ, തൂക്കുപാലത്ത് ബി.ജെ.പി-എസ്.ഡി.പി.ഐ. സംഘർഷം . ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനും ഹോംഗാർഡിനും പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ബി.ജെ.പി. സംഘടിപ്പിച്ച ജനജാഗ്രത സദസിനോടനുബന്ധിച്ചാണ് സംഘർഷം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതയ്ക്ക് മുന്നോടിയായി തൂക്കുപാലത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനിടെ ചിലർ ബി.ജെ.പി. പ്രവർത്തകരെ അസഭ്യം പറഞ്ഞതിനു പിന്നാലെ ചെറിയതോതിൽ സംഘർഷമുണ്ടാവുകയും ബി. ജെ. പിക്കെതിരെ മുദ്രാവാക്യം വിളിച്ച തൂക്കുപാലം സ്വദേശി ജോബിക്ക് (33) തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതേത്തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങിയിരുന്നു.
തുടർന്ന് ജനജാഗ്രത സദസ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീർ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിനുശേഷം ബാങ്ക്‌വിളി കേട്ടതോടെ തൂക്കുപാലത്തെ നൂറുൽഹുദാ ജമാഅത്തിൽ നിസ്‌കരിക്കാനെത്തി. ഇതിനിടെ പള്ളിയിൽ നിസ്‌കരിക്കാനാവില്ലെന്നു പറഞ്ഞ് ഒരാൾ രംഗത്തെത്തി. എന്നാൽ പള്ളിയിലെ മുതിർന്ന വിശ്വാസികളെത്തി നിസ്‌കരിക്കാൻ അവസരം നൽകി. നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ നസീറിനെ എസ്.ഡി.പി.ഐ. പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നിൽനിന്നു ചവിട്ടി വീഴ്ത്തിയശേഷം കസേര കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നസീർ പൊലീസിന് നൽകിയ മൊഴി. നസീറിനെ ബി.ജെ.പി. പ്രവർത്തകർ വാഹനത്തിൽ കയറ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്നാണ് സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടത്. എസ്.ഡി.പി.ഐ-ബി.ജെപി. പ്രവർത്തകർ തമ്മിൽ കല്ലേറ് രൂക്ഷമായതോടെ പള്ളിക്ക് മുന്നിലുള്ള കാണിക്കവഞ്ചിയിലേക്ക് ആദ്യം കല്ലേറുണ്ടായി. കല്ലേറിൽ പള്ളിയുടെ ഗോപുരത്തിന് കേടുപാടുകൾ സംഭവിക്കുകയും കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തു. പൊലീസ് എത്തി ഇരുവിഭാഗത്തെയും പിടിച്ചുമാറ്റി. കല്ലേറിലാണ് ഹോംഗാർഡ് ടി.സി. മോഹനൻപിള്ളക്ക് പരിക്കേറ്റത്. ഹോംഗാർഡിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി തൂക്കുപാലം രാമക്കൽമെട്ട് റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ടൗണിലെ മുഴുവൻ കടകളും അടപ്പിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്താനുള്ള ശ്രമവും പാളി. രാത്രി വൈകിയും തൂക്കുപാലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.