ഇടവെട്ടി: പഞ്ചായത്തിന്റെ അനാസ്ഥ കാരണംപഞ്ചായത്ത് നിർമിച്ച പൊതുശൗചാലയം ഒരു വർഷമായി അടഞ്ഞ് കിടക്കുന്നു. ഇടവെട്ടി ചിറയുടെ കരയിൽ വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, കുടുംബശ്രീ ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള പൊതുശൗചാലയമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഇവിടെ പൊതുശൗചാലയം വേണമെന്നത്. ഒരു വർഷം മുമ്പ് ശുചിത്വമിഷൻ അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് പഞ്ചായത്ത് നിർമിച്ചതാണ് ഈ കെട്ടിടം. എന്നാൽ ഇതുവരെ പഞ്ചായത്ത് ഇതിന് കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ സെക്രട്ടറിയുടെ പേരിലാണ് നമ്പർ അനുവദിക്കേണ്ടത്. കെട്ടിട നമ്പർ ലഭിച്ചാലേ കുടിവെള്ള കണക്ഷൻ ലഭിക്കൂ. എന്നാൽ വർഷം ഒന്നായിട്ടും കെട്ടിട നമ്പർ അനുവദിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല. ഇത് കാരണം വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലും ആശുപത്രിയിലുമടക്കമെത്തുന്ന സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേർ പ്രാഥമികകൃത്യങ്ങൾക്ക് ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം സാങ്കേതിക തടസങ്ങൾ നീക്കി പൊതുശൗചാലയം തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.