തൊടുപുഴ: ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്നമായ ശബരി റെയിൽ പാതയ്ക്ക് കേന്ദ്രത്തിന്റെ ചുവപ്പുകൊടി. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ കേരളം തയ്യാറാകാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കേന്ദ്രറെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയത്. റെയിൽപാതയെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷത്തിനൊപ്പം ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുമായിരുന്ന പദ്ധതി കൂടിയാണ് ഇരു സർക്കാരുകളുടെയും പിടിപ്പുകേടുകൊണ്ട് നഷ്ടമാകുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ സമഗ്ര വികസനം കൂടി പദ്ധതി വഴി ലക്ഷ്യമിട്ടായിരുന്നു. പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു. കൊച്ചിയുടെ ഉപനഗരമായി അനുദിനം വളരുന്ന തൊടുപുഴയ്ക്ക് വികസന കുതിച്ചുചാട്ടമുണ്ടാകുമായിരുന്നു. എന്നാൽ 2005 വരെ സ്ഥലമേറ്റെടുക്കാൻ സംസ്ഥാനത്തെ മാറി മാറി വന്ന സർക്കാരുകൾക്ക് സാധിക്കാത്തതാണ് പദ്ധതി ഇഴയാൻ പ്രധാന കാരണം. പദ്ധതിയുടെ മുഴുവൻ ആദ്യം തുകയും കേന്ദ്രമായിരുന്നു വഹിക്കുന്നത്. കേരള സർക്കാർ സ്ഥലമേറ്റെടുത്ത് നൽകാൻ വൈകിതോടെ പദ്ധതി തുക നാലിരട്ടിയായി വർദ്ധിച്ചു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ച് നിന്നു. പാതയുടെ നിർമ്മാണത്തിൽ കിഫ്ബി വഴി പങ്കാളിയാവാൻ സംസ്ഥാന സർക്കാർ ആലോചിച്ചെങ്കിലും തീരുമാനമായില്ല.
ട്രാക്കിലാകാതെ സ്വപ്ന പദ്ധതി
പദ്ധതി പ്രഖ്യാപനം- 1997- 98
അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ
അന്നത്തെ ചെലവ് - 540 കോടി രൂപ
നിലവിലെ ചിലവ്- 2815 കോടി രൂപ
ഇതിൽ സംസ്ഥാനവിഹിതം- 1,407.5 കോടി രൂപ
ഭൂമി ഏറ്റെടുക്കാൻ- 900 കോടി രൂപ
റെയിൽവേ സ്റ്റേഷനുകൾ ഇവിടെ
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ നിർമ്മിക്കും.
ഓടിയത് ഏഴര കിലോമീറ്റർ
കഴിഞ്ഞ 23 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്. ഇതുകൂടാതെ കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ പാലവുമാണ് പൂർത്തിയായത്.
അയ്യപ്പന്മാർക്കും ശരണം
മലയാളികളേക്കാൾ 55 ശതമാനം അധികം ശബരിമല ഭക്തർ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ടെന്നാണ് കണക്ക്. സീസണിൽ റെയിൽവേ മൂന്നൂറോളം തീവണ്ടികൾ അധികമോടിക്കുന്നുണ്ട്. ശബരി പാത വരുന്നതോടെ റെയിൽവേയ്ക്കും വലിയൊരു ആശ്വാസമാകുമെന്നായിരുന്നു കണക്കുകൂട്ടൽ.
''പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് 2015ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടതാണ്. തുടർന്ന് പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയിൽ ഉൾപ്പെടുത്തി. പിന്നീട് സാമ്പത്തിക പ്രതിസന്ധിയാണെന്നും അമ്പത് ശതമാനം ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞ് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഇതോടെ കേന്ദ്രം പദ്ധതിക്കായി ബഡ്ജറ്റിൽ അനുവദിച്ച തുകയൊന്നും നൽകിയില്ല. മൂന്ന് മാസം മുമ്പ് സതേൺ റെയിൽവേയുടെ പുരോഗതിയില്ലാത്ത പത്ത് പ്രോജക്ടുകൾ നിറുത്താൻ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് മന്ത്രിയുടെ കത്ത് വന്നിരിക്കുന്നത്. 50 ശതമാനം തുക മുടക്കാമെന്ന് കേരളം സമ്മതിച്ചാൽ പദ്ധതി വീണ്ടും ട്രാക്കിലാകും""
- ജിജോ ജെ. പനച്ചിനാനിക്കൽ,
(സെക്രട്ടറി, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ)