മുട്ടം: കൊല്ലംകുന്ന് 30 ഏക്കറോളം സ്ഥലത്ത് തീ പിടിച്ചു. കൃഷി പൂർണ്ണമായും നശിച്ചു. ഇന്നലെ രാവിലെ 10.30 നാണ് കൊല്ലംകുന്ന് കോഞ്ഞാറ ഭാഗത്ത്‌ നിന്ന് തീ പടർന്നത്. ഓലിക്കൽ ജോസ്, ജോണി എന്നിവരുടേയും എറണാകുളത്തുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 30 ഏക്കറോളം സ്ഥലത്തെ റബ്ബർ, വാഴ, കാപ്പി, കുരുമുളക്, തെങ്ങ്, കപ്പ, കശുമാവ് തുടങ്ങിയ ദേഹണ്ഡങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. മുട്ടം പൊലീസും തൊടുപുഴയിൽ നിന്ന് ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് തിരിച്ചെങ്കിലും ദുർഘട പ്രദർശമായതിനാൽ എത്തിപ്പെടാൻ സാധിച്ചില്ല. പ്രദേശവാസികൾ രാവിലെ മുതൽ തീയണക്കാൻ ശ്രമിച്ചെങ്കിലും വേനൽക്കാറ്റ് ശക്തമായതിനാൽ ഉയരത്തിലുള്ള പാറക്കെട്ടിലേക്ക് തീ വ്യാപകമായി പടർന്നിരുന്നു.