തൊടുപുഴ: ഒരാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിന് തേക്കടിയിലെത്തിയ മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി ഡൽഹിയിലേക്ക് തിരികെ മടങ്ങി. തൊടുപുഴ വഴിയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയത്. ഉച്ചഭക്ഷണശേഷം തേക്കടിയിൽ നിന്ന് തിരിച്ച അദ്ദേഹം പൊൻകുന്നത്ത് കാപ്പി കുടിക്കാനായി കയറി. തുടർന്ന് വൈകിട്ട് 5.45ന് തൊടുപുഴ- കോലാനി ബൈപ്പാസ് വഴി കടന്നുപോയി. യാത്രയ്ക്കിടെ വിശ്രമത്തിനായി തൊടുപുഴയിലിറങ്ങിയാൽ റസ്റ്റ്ഹൗസിൽ സൗകര്യമൊരുക്കിയിരുന്നു. റസ്റ്റ്ഹൗസിലും അദ്വാനി കടന്നുപോകുന്ന പാതയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് തന്നെ റസ്റ്റ്ഹൗസും പരിസരവും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. കുടുംബസമേതം അവധിക്കാലം ചെലവിടാനാണ് അദ്വാനി ചൊവ്വാഴ്ച തേക്കടിയിലെത്തിയത്.