നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആസ്ഥാന മന്ദിരത്തിനുമുമ്പിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ ഗുരുദേവന്റെ പൂർണ്ണകായ പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിനായുള്ള ദ്വിദിന പഞ്ചലോഹ സമാഹരണം യജ്ഞം ആരംഭിച്ചു.
1001 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം 45 ദിവസം കൊണ്ട് പൂർത്തിയാകും നെടുങ്കണ്ടം യൂണിയനിലെ മുഴുവൻ ശാഖായോഗങ്ങളിൽ നിന്നും വിഗ്രഹ നിർമ്മാണത്തിനുള്ള പഞ്ചലോഹങ്ങൾ സ്വീകരിക്കുന്നതിനുള്ള സമാഹരണ യജ്ഞം 11 ന് ഉടുമ്പൻചോല ശാഖയിൽ നിന്ന് യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് ഉത്ഘാടനം ചെയ്ത് ആരംഭിച്ച് ഞായറാഴ്ച വൈകിട്ട് ഉദയഗിരി ശാഖായോഗത്തിൽ സമാപിച്ചു. ആനക്കല്ല് , കോമ്പയാർ, കൗന്തി, മഞ്ഞപ്പാറ, ചിന്നാർ, മാവടി, പച്ചടി, നെടുങ്കണ്ടം പാമ്പാടുംപാറ, കല്ലാർ, വിജയപുരം, തേർഡ്ക്യാമ്പ്, പ്രകാശ്ഗ്രാം, കുരുവിക്കാനം, രാമക്കൽമേട്, ചെന്നാപ്പാറ, പുഷ്പകണ്ടം, ഉദയഗിരി ശാഖായോഗങ്ങളിൽ നിന്നായി 448 ഗ്രാം സ്വർണ്ണം 7 കിലോ വെള്ളി 3678 കിലോ ചെമ്പ്, ഓട്ടുപാത്രങ്ങൾ എന്നീ പഞ്ചലോഹങ്ങൾ സ്വാമി ഗുരുപ്രകാശം ,യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യോഗം ഡയറക്ടർബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി. രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു..