ഇടുക്കി: വനിതാ കമ്മീഷൻ വനിതകളുടെ ക്ഷേമത്തിന് രൂപീകരിച്ചതാണെങ്കിലും സ്ത്രീകളുടെ വിശ്വാസയോഗ്യമല്ലാത്ത പരാതിയിൽ പുരുഷൻമാരെ ശിക്ഷിക്കാനാകില്ലായെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു. കമ്മീഷനിൽ പരാതി നൽകിയിട്ട് വാദിയും പ്രതിയും ഹാജരാകാതിരിക്കുക, പരാതിക്കാസ്പദമായ സംഭവം കമ്മീഷനുമുന്നിൽ വിശദീകരിക്കാനാകാതിരിക്കുക എന്നിവയൊക്കെ പരാതിയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നതാണ്. കമ്മീഷന്റെ വിലപ്പെട്ട സമയത്തെയും സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്നത് ഗൗരവമായാണ് കമ്മീഷൻ കാണുന്നതെന്ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ മെഗാ വനിത കമ്മീഷൻ അദാലത്തിൽ വ്യക്തമാക്കി.
ഭൂമി സംബന്ധമായ പരാതികളാണ് ജില്ലയിൽ ഏറെയും. സ്വത്തുകൈക്കലാക്കിയിട്ട് വയോജനങ്ങളെ സംരക്ഷിക്കാതിരിക്കുന്നത് വയോജന നിയമപ്രകാരം കുറ്റകരമാണ്. മക്കൾക്ക് എഴുതി നൽകിയ ഭൂമി, വയോജനങ്ങൾക്ക് തിരിച്ചു നൽകുന്നതിനും ബാങ്കിൽ പണയപ്പെടുത്തി വയോജനങ്ങളെ സംരക്ഷിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു. വിദ്യാ സമ്പന്നരെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവർ അജ്ഞരാണെന്നാണ് പരാതി പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ ആവശ്യപ്പെട്ടില്ലെങ്കിലും രസീത് നൽകണമെന്ന് ചെയർപേഴ്‌സൺ നിർദ്ദേശിച്ചു. യഥാസമയം പരാതി നൽകാനോ രസീത് കൈപ്പറ്റാനോ ധൈര്യ സമേതം പരാതി വിശദീകരിക്കാനോ പരാതിക്കാർക്ക് കഴിയാതെ വരുന്നതും കമ്മീഷന്റെ ഇടപെടലിന് തടസ്സമാകാറുണ്ട്. 120 പരാതികൾ പരിഗണിച്ചു. 32 എണ്ണം തീർപ്പാക്കി. 79 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. കക്ഷികൾ ഹാജരാകാതിരുന്നതിനാൽ 17 പരാതികൾ മാറ്റി. കമ്മീഷൻ അംഗം ഷിജി ശിവജി, ഡയറക്ടർ വി.യു കുര്യാക്കോസ് എസ്‌ഐ എൽ.രമ തുടങ്ങിയവർ സംബന്ധിച്ചു.