തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ വാട്ടർ അതോറിട്ടിയുടെ സമ്പൂർണ കുടിവെള്ള പദ്ധതിയിൽ ജലവിതരണം കാര്യക്ഷമമല്ലെന്നാരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വത്സല ജോണിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചത്. പമ്പിംഗ് ലൈനിലെ തകരാറുകൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കാമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പു നൽകിയതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്. വെള്ളം പമ്പു ചെയ്യുമ്പോൾ സമ്മർദം കൂടുന്നതിനാലാണ് പൈപ്പു പൊട്ടുന്നതെന്നും ഇതിനു പരിഹാരമായി പ്രത്യേകം വാൽവ് ഘടിപ്പിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ വിവിധ മേഖലകളിലേക്ക വെള്ളം പമ്പു ചെയ്യാനും തീരുമാനിച്ചു. ഇതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്നലെതന്നെ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി.ബിനോയി, ബ്ലോക്ക് പഞ്ചായത്തംഗം ഷീന ഹരിദാസ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ ദിലീപ്കുമാർ, എം.ജി. സുരേന്ദ്രൻ, പി.കെ. സുകുമാരൻ എന്നിവർ സമരത്തിൽ പങ്കെടുത്തു.
കുടിവെള്ള ക്ഷാമത്താൽ പൊറുതിമുട്ടി
കുടിവെള്ള വിതരണം കൃത്യമല്ലാത്തതിനാൽ പഞ്ചായത്തിലെ പുതുപ്പരിയാരം, കുടുക്കമറ്റം, മൈലാടുംപാറ, പെരുഞ്ചിറക്കുന്ന്, വള്ളിമലക്കുന്ന് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപരോധ സമരം നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 18 കോടി മുടക്കിയാണ് മണക്കാട് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി ഉന്നക്കാട്ടുമലയിൽ 4.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ചിരുന്നു. അരിക്കുഴയിലൂള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് വെള്ളം ടാങ്കിലെത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. എന്നാൽ പലപ്പോഴും പദ്ധതി ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്നാണ് പരാതി. വേനൽ കടുത്തതോടെ ജനങ്ങൾ ദുരിതത്തിലാകുകയായിരുന്നു. പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ പൊട്ടുന്നതു മൂലവും പലപ്പോഴും ജല വിതരണം മുടങ്ങുന്നുണ്ട്.