കട്ടപ്പന: പദ്ധതിപ്രകാരം ലഭിക്കുന്ന വീടുകൾ ഗുണഭോക്താക്കൾ പൂർണ അർത്ഥത്തിൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ ലഭിക്കുന്ന വീട് കുറച്ചുനാളുകൾക്കുശേഷം വിൽപന നടത്തി മറ്റൊരു സ്ഥലത്തുപോയി ഭവനരഹിതരെന്ന് പറഞ്ഞ് വീണ്ടും പദ്ധതിയിൽ അപേക്ഷ നൽകുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള ദുരുപയോഗം ഉണ്ടാകരുത്. ഉപ്പുതറ പഞ്ചായത്തിലെ തോട്ടം മേഖലയിലെ ഭൂപ്രശ്‌നത്തിനു പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീണിന് മന്ത്രി ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു.
ഇ.എസ്. ബിജിമോൾ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കുടുംബ സംഗമത്തിനെത്തിയവർക്ക് ഫലവൃക്ഷ തൈകളും നൽകി. റോഷി അഗസ്റ്റിൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ആർ. ശശി, കെ.എൽ. ബാബു, കെ. സത്യൻ, കുസുമം സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു.