തൊടുപുഴ: മൂന്നാറിൽ യുവതി ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്‌വിൻ രാജിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. തോട്ടം മേഖലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ കൗൺസലറുമായ പെൺകുട്ടി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചത്. കുട്ടിയുടെ പരാതി ചൈൽഡ് ലൈൻ പ്രവർത്തകരാണ് മൂന്നാർ പൊലീസിന് കൈമാറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കൗൺസലറുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കുട്ടി മൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്‌വിൻരാജ് പരാതി എഴുതി വാങ്ങിയതെന്നും കുട്ടി പറയുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.