അടിമാലി: ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബസംഗമവും അദാലത്തും നാളെ അടിമാലിയിൽ നടക്കും. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബ സംഗമത്തിനൊപ്പം 20തോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും നടത്തുന്നത്. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ബ്ലോക്ക്തല കുടുംബസംഗമം രാവിലെ 10 ന് ഡീൻകുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എസ് രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻഎം.എൽ.എ മുഖ്യ അതിഥിയായി പങ്കെടുക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാകളക്ടർ എച്ച് ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സംഗമത്തിൽ പങ്കെടുക്കുന്ന ലൈഫിന്റെ ഗുണഭോക്താക്കൾക്ക് റേഷൻകാർഡ് തിരുത്തൽ, ആധാർ പുതുക്കൽ,കർഷക പെൻഷൻ അപേക്ഷ നൽകൽ,വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതികൾ,സൗജന്യ വൈദ്യ പരിശോധന തുടങ്ങി വിവിധ സേവനങ്ങൾ ലഭിക്കും.ബ്ലോക്കിനു കീഴിലെ വെള്ളത്തൂവൽ, കൊന്നത്തടി, പള്ളിവാസൽ,ബൈസൺവാലി,അടിമാലി എന്നീ അഞ്ചു പഞ്ചായത്തുകളിൽ നിന്നുള്ള ഗുണഭോക്താക്കളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെതന്നെ ആദ്യത്തെ ഫ്‌ളാറ്റ് സമുചയമുൾപ്പെടെ നിലവിൽ ലൈഫ് പദ്ധതിയിൽ എണ്ണൂറോളം കുടംബങ്ങൾക്ക് അടിമാലി ബ്ലോക്കിനു കീഴിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. കുടംബ സംഗമത്തിനായി എത്തുന്നവർക്ക് രാവിലെ 9:30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. മികച്ച വി.ഇ.ഒ യ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ അടിമാലി ബ്ലോക്കിലെ വി.പി ദീപയെ ആദരിക്കും .