തൊടുപുഴ : ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 256 കോടി രൂപ മുടക്കിയ ശബരി റെയിൽവേ ഉപേക്ഷിക്കുന്ന സമീപനം ഇരു സർക്കാരുകളും സ്വീകരിച്ചാൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരനടപടികളുമായ മുന്നോട്ടുപോകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു

സംസ്ഥാന സർക്കാരിന്റെ തികഞ്ഞ അലംഭാവം കൊണ്ടാണ് ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ മുഖ്യമന്ത്രിക്കയച്ച കത്ത് വ്യക്തമാക്കുന്നത്. യാതൊരു കാരണവുമില്ലാതെയായിരുന്നു സംസ്ഥാന സർക്കാരിന്റെ പിൻമാറ്റം. പാതകടന്നുപോകുന്ന പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനികൾ ഇക്കാര്യം സംബന്ധിച്ച് നിരവധി തവണ കത്തുകൾ അയച്ചതും മുഖ്യമന്ത്രിയെ നേരിൽകണ്ട് സംസാരിച്ചതുമാണ്. സതേൺ റെയിൽവേയുടെ ഡിവിഷൻ തല മീറ്റിങ്ങുകളിലും പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത എം.പി. മാരുടെ യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും തികഞ്ഞ നിസംഗതയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പദ്ധതിയ്ക്കായി ഭൂമി വിട്ടു നല്കിയവരുടെ ദുരിതങ്ങൾ ഇരു സർക്കാരുകളും കണ്ടില്ലെന്ന് നയിക്കുകയാണ്. പദ്ധതി ഇല്ലാതാക്കാൻ കുത്സിത ശ്രമം നടത്തുന്നവർ ഇപ്പോൾ പുതിയ റെയിൽവേ ലൈൻ പദ്ധതി സിൽവർലൈൻ എന്ന് പേരിട്ടു സർവ്വേ നടത്തുന്നതിന്റെ സാംഗത്യം വ്യക്തമല്ല. പദ്ധതി ചിലവിന്റെ അൻപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന തീരുമാനത്തിൽ നിന്നും പിന്നോക്കം പോയത് അടയന്തിരമായി പുന:പരിശോധിക്കണം.