കട്ടപ്പന: കെ.പി.സി.സി. ഒ.ബി.സി. വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തും. പിന്നാക്ക വിഭാഗങ്ങളോട് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ സന്തോഷ് പണിക്കർ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി രൂപീകരിച്ച ഒ.ബി.സി. വകുപ്പിന്റെ പ്രവർത്തനം പരിതാപകരമാണ്. ബജറ്റിൽ ഒരുശതമാനം പോലും തുക നീക്കിവയ്ക്കുന്നില്ല. പിന്നാക്ക വകുപ്പിൽ ഡയറക്ടറെ നിയമിക്കണമെന്നും ജില്ലാതലത്തിൽ ഓഫീസ് ആരംഭിക്കണമെന്നും നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിലനിർത്തണമെന്നും ഭാരവാഹികളായ സന്തോഷ് പണിക്കർ, ജി. സത്യൻ, പ്രശാന്ത് ഞവരക്കാട്ട്, കെ.ഡി. ജയപ്രകാശ്, എ.ആർ. രാമകൃഷ്ണൻ, പി.എസ്. രാജപ്പൻ എന്നിവർ ആവശ്യപ്പെട്ടു.