കട്ടപ്പന: പേവിഷബാധയേറ്റ് രണ്ട് പശുക്കൾ ചത്തു. നാങ്കുതൊട്ടി അക്കുറ്റ് സണ്ണി തോമസ്, ശാന്തിഗ്രാം മാണിക്കത്താതുകുന്നേൽ ടോമി എന്നിവരുടെ പശുക്കളാണ് ചത്തത്. കഴിഞ്ഞദിവസം പുല്ലുമേയുന്നതിനിടെയാണ് സണ്ണിയുടെ പശുവിനെ പേപ്പടി കടിച്ചത്. തുടർന്ന് ഇരട്ടയാറിലെ സർക്കാർ മൃഗാശുപത്രിയിൽ നിന്നു ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തൊഴുത്തിനുള്ളിലാണ് ടോമിയുടെ പശുവിനു കടിയേറ്റത്. ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ പശുവും തൊഴുത്തിലുണ്ടായിരുന്ന കിടാവും ചത്തു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ആളുകൾ ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും ഇരട്ടയാർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.