തൊടുപുഴ: 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരായവർക്കായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌കൂൾ മാതൃകയിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ (ബി.ആർ.സി) ആരംഭിക്കുന്നു. വെങ്ങല്ലൂർ- കുമാരമംഗലം റോഡിലെ വനിതാ വ്യവസായ എസ്റ്റേറ്റിലാണ് ബി.ആർ.സി ആരംഭിക്കുക. ഇതിനുള്ള പ്രാഥമിക നടപടികളെല്ലാം പൂർത്തിയായി. നിലവിൽ തൊടുപുഴയിലുള്ള സ്വകാര്യ സ്‌പെഷ്യൽ സ്‌കൂളുകളിൽ 18 വയസ് വരെയുള്ളവർക്കാണ് പ്രവേശനം. ഈ പ്രായം കഴിഞ്ഞവരുടെ സംരക്ഷണത്തിനാണ് ബി.ആർ.സി ആരംഭിക്കുന്നത്. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ നേരത്തെ നിർദേശിച്ചിരുന്നു. കുമളിയിലും ഉടുമ്പഞ്ചോലയിലും നിലവിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളുണ്ട്. സെന്ററിലേക്കുള്ള അദ്ധ്യാപികയെ നിയമിച്ചു. ആയയെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ ബോർഡും രൂപീകരിച്ചു. കുട്ടികളെ വീടുകളിൽ നിന്ന് കൊണ്ടുവരാനും തിരികെ വിടാനും ഡ്രൈവറടക്കമുള്ള വാഹനം വാടകയ്ക്കെടുക്കാനും കൗൺസിൽ തീരുമാനിച്ചു. ചുരുങ്ങിയ തോതിൽ ആരംഭിച്ച് പിന്നീട് കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കാനാണ് ആലോചിക്കുന്നത്.

ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ (ബി.ആർ.സി)

18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരായവരുടെ വ്യക്തിത്വ വികസനം, ആരോഗ്യ പരിപാലനം, തൊഴിൽ വികസനം എന്നിവയാണ് ബി.ആർ.സിയിലൂടെ ലക്ഷ്യമിടുന്നത്. നാല് മുറികൾ, ഓഫീസ്, ഫിസിയോ തെറാപ്പി യൂണിറ്റ്, ടോയ്‌ലറ്റുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ടാകും. ആകെ 20 പേർക്കാണ് പ്രവേശനം. ഇതുവരെ 12 പേർ അഡ്മിഷൻ നേടി.