കുടയത്തൂർ: ലോകത്തിന്റെ ഒന്നാം നിരയിലേക്ക് കുതിക്കുന്ന ഭാരതത്തിന്റെ പുതുതലമുറയെ ലക്ഷ്യമിട്ട് ശത്രുരാജ്യങ്ങൾ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ അഡ്വ. ബി. രാധാകൃഷ്ണമേനോൻ പറഞ്ഞു. കേരളകൗമുദിയും കൊച്ചിൻ ഷിപ്പ്‌യാർഡും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന 'ബോധപൗർണമി' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുടയത്തൂർ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയടക്കം പുതുതലമുറ ശ്രദ്ധിക്കുന്ന എല്ലാ രംഗത്തും ലഹരി പോലുള്ള വിപത്തുകൾ അന്താരാഷ്ട്ര തലത്തിൽ ആസൂത്രണം ചെയ്ത് ഭാരതത്തിൽ നടപ്പിലാക്കുന്ന സ്ഥിതിയുണ്ട്. തീവ്രവാദ- മാവോയിസ്റ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നത് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടാണ്. സ്കൂളുകളുടെ പരിസരത്ത് മിഠായിയുടെ രൂപത്തിൽ വരെ മയക്കുമരുന്നുകൾ എത്തിക്കുന്ന കാലഘട്ടത്തിൽ പുതുതലമുറ വഴിതെറ്റാതിരിക്കാൻ എക്സൈസ് വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഫൗണ്ടർ പ്രസിഡന്റ് കെ.എൻ. രാജു അദ്ധ്യക്ഷനായിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ ഡെപ്യൂട്ടി മാനേജർ യൂസഫ് എ.കെ. മുഖ്യാതിഥിയായിരുന്നു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ മാനേജർ മുഹമ്മദ് ന്യൂമാൻ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭാ കൗൺസിലർ ഗോപാലകൃഷ്ണൻ, സ്കൂൾ മാനേജർ ശങ്കരപിള്ള, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എം.ജി. സുരേഷ് എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ സിനോജ് വി.ആർ. ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ അനിൽ മോഹൻ സ്വാഗതവും സ്കൂൾ ഹെഡ് ഗേൾ എസ്. ദേവിനി നന്ദിയും പറഞ്ഞു.