തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം തീരാറായെങ്കിലും നേതൃമാറ്റത്തിന് ഇപ്പോഴും അവസാനമില്ല. ഭരണസമിതി രൂപീകരണ സമയത്ത് ഉണ്ടാക്കിയ ധാരണകളാണ് ഭരണം തീരാൻ മാസങ്ങൾ ബാക്കിയുള്ളപ്പോഴും നേതൃമാറ്റത്തിന് ഇടയാക്കുന്നത്. പലയിടത്തും ഇത് മുന്നണികൾക്ക് ഭരണനഷ്ടത്തിനും വലിയ ലാഭങ്ങളും ഉണ്ടാകുന്നുണ്ട്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ അഭിപ്രായ വൃത്യാസത്തെ തുടർന്ന് എൽ.ഡി.എഫിന് ഭരണം നഷ്ടമായി. മുൻ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം നൽകാത്തതിനെ തുടർന്ന് സി.പി.ഐ സ്വതന്ത്രൻ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനത്തെ ചൊല്ലിയുള്ള മാസങ്ങളായി തുടർന്ന തർക്കത്തിനൊടുവിലാണ് ഇടവെട്ടി പഞ്ചായത്തിൽ പ്രസിഡന്റ് പദത്തിൽ ധാരണയായത്. കോൺഗ്രസും കേരള കോൺഗ്രസും (എം) തമ്മിലായിരുന്നു തർക്കം. ഇടവെട്ടി പഞ്ചായത്തിൽ മുന്നണി ധാരണ നടപ്പാകാത്തതിനാൽ കേരള കോൺഗ്രസ് എം പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന വണ്ണപ്പുറം പഞ്ചായത്തിലും സമയം കഴിഞ്ഞിരുന്നെങ്കിലും മുൻ ധാരണ നടപ്പായിരുന്നില്ല. ഇടവെട്ടി പഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവെച്ചതിന് തൊട്ടുപിന്നാലെ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പദം കേരള കോൺഗ്രസും രാജി വെച്ചു. ഇവ കൂടാതെ മറ്റൊരു പ്രധാന ഭരണമാറ്റം നടക്കാനുള്ളത് തൊടുപുഴ നഗരസഭയിലാണ്. നിലവിൽ കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പ്രതിനിധി ജെസി ആന്റണിയാണ് ചെയർപേഴ്‌സൺ സ്ഥാനം അലങ്കരിക്കുന്നത്. മുന്നണി ധാരണപ്രകാരം അടുത്ത മാസം 18 ന് ഈ കാലാവധി അവസാനിക്കും. ജെസി ആന്റണി രാജി വെച്ചാൽ കോൺഗ്രസിലെ സിസിലി ജോസ് പകരം ചെയർപേഴ്‌സനാകുക. ജെസി ആന്റണിയെ ചെയർപേഴ്‌സനായി നടന്ന തിരഞ്ഞെടുപ്പിൽ ഒരു വോട്ടു അസാധുവായതിനെ തുടർന്ന് ആദ്യതവണ ഭരണം നഷ്ടമായിരുന്നു. സമനിലയായതിനെ തുടർന്ന് വോട്ടിംഗിലൂടെ എൽ.ഡി.എഫിന് ആറുമാസത്തെ ഭരണം ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 18 നാണ് ജെസി ആന്റണി ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു വർഷം തികയുമ്പോൾ രാജി വെയ്ക്കുമ്പോൾ പകരം വരുന്നത് കോൺഗ്രസിലെ ഏക വനിതാ പ്രതിനിധി സിസിലി ജോസാണ്. ഇപ്പോൾ യു.ഡി.എഫിലെ ഒരു വനിതാ കൗൺസിലർ വിദേശത്താണ്. ഈ മാസം ഇവർ മടങ്ങിയെത്തും. ഇവർ മടങ്ങിയെത്തിയ ശേഷമേ ചെയർപേഴ്‌സൺ രാജി വയ്ക്കൂ. കഴിഞ്ഞ ഒരു കൗൺസിലറുടെ വോട്ട് അസാധുവായതിനാൽ ഭരണം നഷ്ടമായതിനാൽ ഇത്തവണ പ്രത്യേക ശ്രദ്ധയുണ്ടാകും. ധാരണപ്രകാരം വൈസ് ചെയർമാൻ സ്ഥാനവും അടുത്ത ഏപ്രിൽ അഞ്ചിന് മാറണം. ഇതു പ്രകാരം നിലവിലെ വൈസ് ചെയർമാൻ എം.കെ ഷാഹൂൽ ഹമീദ് ഏപ്രിൽ അഞ്ചിന് രാജി വെയ്‌ക്കേണ്ടതാണ്. തുടർന്ന് കേരള കോൺഗ്രസിനാണ് (എം) ധാരണാപ്രകാരം വൈസ് ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത്.

തിരഞ്ഞെടുപ്പ് ഒക്ടോബറിൽ

ഒക്ടോബറിലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരമേൽക്കും.